'പരിധിവിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വെക്കും'; വനിതാ പ്രവർത്തകയെ കയ്യേറ്റം ചെയ്ത പൊലീസിനെതിരെ മുഹമ്മദ് ഷിയാസ്
|കൊച്ചിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചപ്പോഴാണ് മിവ ജോളിയെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തത്.
കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകയായ മിവ ജോളിയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോസ്ഥനെതിരെ മുന്നറിയിപ്പുമായി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. 'ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും...കളി കോൺഗ്രസിനോട് വേണ്ട'-ഷിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചപ്പോഴാണ് മിവ ജോളിയെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തത്. ആലുവയിൽനിന്ന് അങ്കമാലിയിലേക്കുള്ള റോഡിൽ കളമശ്ശേരി ഭാഗത്തുവെച്ച് അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്. സമീപത്തുള്ള കടയുടെ പാർക്കിങ്ങിൽ കാത്തിരുന്ന പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ശബ്ദം കേട്ടതിന് പിന്നാലെ റോഡിലേക്ക് ഓടിക്കയറുകയായിരുന്നു.
പുരുഷ പൊലീസ് ഉദ്യോഗസ്ഥർ തള്ളിയും തലക്കടിച്ചുമാണ് വനിതാ പ്രവർത്തകയായ മിവ ജോളിയെ വണ്ടിക്കുള്ളിലേക്ക് കയറ്റിയത്. പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ മിവയുടെ കോളറിൽ പിടിച്ച് വലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.