എസ്എഫ്ഐ പ്രവർത്തകർക്ക് മാരകായുധങ്ങൾ ലഭിക്കുന്നതിനെ പറ്റി അന്വേഷിക്കണമെന്ന് മുഹമ്മദ് ഷിയാസ്
|സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അതിക്രമങ്ങൾ അരങ്ങേറുന്നതെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് മാരകായുധങ്ങൾ എവിടെ നിന്നാണ് ലഭിക്കുന്നതെന്നത് അന്വേഷിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അതിക്രമങ്ങൾ അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളേജിൽ സമാധാന അന്തരീക്ഷം ഇല്ലാതാക്കി അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നത് സർക്കാരാണ്.ക്യാമ്പസിൽ തുടർച്ചയായി അക്രമങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ പൊലീസ് പുലർത്തുന്ന മൗനവും ഗൗരവകരമാണ്. ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കുന്നവരെ പൊലീസ് സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മർദ്ദനങ്ങൾക്ക് നിരന്തരം ഇരയാകേണ്ടിവരുന്ന കെഎസ്യു പ്രവർത്തകരുടെ പരാതിയിൽ പൊലീസ് യാതൊരു നടപടിയും എടുക്കുന്നില്ല. ഈ സ്ഥിതി തുടർന്നാൽ കെഎസ്യു പ്രവർത്തകരുടെ സംരക്ഷണം കോൺഗ്രസിന് ഏറ്റെടുക്കേണ്ടി വരുമെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.