‘ഞാൻ പവർ ഗ്രൂപ്പിലില്ല’; അതിനെക്കുറിച്ച് അറിയില്ലെന്നും മോഹൻലാൽ
|‘ഹേമ കമ്മിറ്റി മുമ്പാകെ രണ്ട് തവണ മൊഴി നൽകി’
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്ന് നടൻ മോഹൻലാൽ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. അതേസമയം, മാധ്യമപ്രവർത്തകരുടെ പല ചോദ്യങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. സിനിമയെ നിയന്ത്രിക്കുന്നത് 15ഓളം പേർ ചേർന്നുള്ള പവർ ഗ്രൂപ്പാണെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. എന്നാൽ, ഇങ്ങനെയൊരു പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നാണ് മോഹൻലാൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. താൻ ആ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മോഹൻലാൽ മൗനം പാലിച്ചു. ‘അമ്മ’ മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ആരോണങ്ങൾ, സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗിക ആരോപണവും തുടർന്നുള്ള രാജിയും, സമീപകാലത്ത് ഉയർന്നുവന്ന മറ്റു വെളിപ്പെടുത്തലുകൾ എന്നിവയോടെല്ലാം അദ്ദേഹം മൗനം പാലിച്ചു. മാധ്യമപ്രവർത്തകർ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാനാകില്ലെന്നും തന്റെ കൈയിൽ എല്ലാത്തിനും ഉത്തരമില്ലെന്നും മോഹൻലാൽ പറഞ്ഞു.
ഇത് കൂടാതെ മാധ്യമങ്ങളോട് അദ്ദേഹം തിരിച്ച് ചോദ്യങ്ങൾ ചോദിക്കുകയുമുണ്ടായി. ഒരു ദിവസം കൊണ്ട് നിങ്ങൾക്ക് ഞങ്ങൾ അന്യരായി പോകുന്നത് എങ്ങനെയാണ്? സിനിമാ മേഖലയിലെ എല്ലാ കാര്യങ്ങളിലും അമ്മ പ്രതികരിക്കുന്നത് എങ്ങനെയാണെന്നും മോഹൻലാൽ ചോദിച്ചു. അതേസമയം, ഹേമ കമ്മിറ്റി മുമ്പാകെ രണ്ട് തവണ മൊഴി നൽകാൻ പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.