Kerala
Mohanlal
Kerala

'താൻ ഒരിക്കലും ഒളിച്ചോടിയിട്ടില്ല, എന്തിനും ഏതിനും 'അമ്മ'യെ കുറ്റപ്പെടുത്തരുത്': മോഹന്‍ലാല്‍

Web Desk
|
31 Aug 2024 8:53 AM GMT

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ഒരാളോ ഒരു സംഘടനയോ ക്രൂശിക്കപ്പെടരുതെന്നും മോഹന്‍ലാല്‍

കൊച്ചി: വിവാദങ്ങളിൽ നിന്നും ഒളിച്ചോടിയിട്ടില്ലെന്ന് നടൻ മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാ​ഗതാർഹമാണെന്നും എല്ലാത്തിനും ഉത്തരം പറയേണ്ടത് അമ്മയെന്ന സംഘടനയല്ലെന്നും മോഹൻലാൽ പറഞ്ഞു. തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം മോഹൻലാൽ നടത്തുന്ന ആദ്യ പ്രതികരണമാണിത്. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വിവാദങ്ങൾക്ക് ഉത്തരം പറയേണ്ടത് മലയാള സിനിമ മുഴുവനുമാണ്. എന്തിനും ഏതിനും അമ്മയെന്ന സംഘടനയുടെ കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നതായി തോന്നി. തെറ്റുകുറ്റങ്ങൾ ഉണ്ടാവാം. ഒരു സംഭവം നടന്നാൽ അതിൽ ആദ്യം അമ്മയല്ല ഉത്തരം പറയേണ്ടത്. ഞാൻ അഭിഭാഷകരും മുതിർന്നവരുമായി സംസാരിച്ച് ആലോചിച്ചാണ് സംഘടനയുടെ ചുമതലയിൽ നിന്ന് ഒഴിഞ്ഞത്. എല്ലാവരോടും ചോദിച്ച് അനുവാദം വാങ്ങിയാണ് തീരുമാനമെടുത്തത്. അമ്മയിൽ നിന്ന് പൂർണമായി ഒഴിഞ്ഞുമാറിയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.

മലയാള സിനിമ മേഖല തകർന്നുപോവുന്ന കാര്യമാണിത്. ഞങ്ങളെല്ലാം വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്റസ്ട്രിയാണിത്. മറ്റ് ഭാഷകളിലേക്ക് പോവുമ്പോഴാണ് നമ്മുടെ സിനിമയുടെ മഹത്വം അറിയുക. ദയവായി ഒരു സൈഡിലേക്ക് മാത്രം ഫോക്കസ് ചെയ്ത് മലയാള സിനിമാ മേഖലയെ തകർക്കരുതെന്നും മോഹൻലാൽ പറഞ്ഞു. എല്ലാ മേഖലയിലും ഇത്തരം കമ്മിറ്റികൾ വേണം. ഹേമ കമ്മിറ്റിക്ക് മുമ്പാകെ രണ്ട് തവണ മൊഴി നൽകാൻ പോയിട്ടുണ്ട്. അവർ ചോദിച്ചതിനെല്ലാം മറുപടി നൽകിയിട്ടുണ്ട്. ഒരു ദിവസം കൊണ്ട് നിങ്ങൾക്ക് ഞങ്ങൾ അന്യരായി പോകുന്നത് എങ്ങിനെയാണെന്നും മോഹൻലാൽ ചോദിച്ചു. നിങ്ങൾ പലചോദ്യങ്ങളുമായാണ് വന്നിട്ടുള്ളത് എന്നാൽ അതിനെല്ലാമുള്ള ഉത്തരം എന്റെ പക്കലില്ല, അതിനെല്ലാം മറുപടി പറയാൻ സാധിക്കില്ല. അറിയാത്ത കാര്യങ്ങളിൽ മറുപടി പറയാനില്ലെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന, കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മേഖലയാണിത്. ദയവ് ചെയ്ത് ഞങ്ങളിലേക്ക് മാത്രമായി ഫോക്കസ് ചെയ്ത് സിനിമ വ്യവസായത്തെ തകർക്കരുത്. ‘അമ്മ’ ട്രേഡ് യൂനിയൻ സ്വഭാവമുള്ള സംഘടനയല്ല. അതൊരു കുടുംബം പോലെയാണ്. ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ​ വേദനയുണ്ട്. താൻ പവർ ഗ്രൂപ്പിന്റെ ഭാഗമല്ല. എനിക്ക് അതിനെ കുറിച്ചറിയില്ല. ആദ്യമായാണ് അതിനെ കുറിച്ച് കേൾക്കുന്നതെന്നും മോഹൻലാൽ. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായും തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും മോഹൻലാൽ അറിയിച്ചു.

Similar Posts