Kerala
Mohanlal with Artist Namboothiri

ആര്‍ടിസ്റ്റ് നമ്പൂതിരിക്കൊപ്പം മോഹന്‍ലാല്‍

Kerala

എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു, ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്; ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തില്‍ മോഹന്‍ലാല്‍

Web Desk
|
7 July 2023 5:11 AM GMT

ഇതിഹാസ ചിത്രകാരൻ ആർടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു

അന്തരിച്ച ചിത്രകാരന്‍ ആര്‍ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. വര്‍ഷങ്ങളുടെ ആത്മബന്ധമായിരുന്നു നമ്പൂതിരിയുമായി ഉണ്ടായിരുന്നതെന്നും സഹോദരതുല്യനായിരുന്നെന്നും ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ രാത്രി കോട്ടക്കൽ മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. രാവിലെ മുതല്‍ 12 മണി വരെ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം നടക്കും. 5.30 ഓടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം. തകഴി, എംടി, ഉറൂബ്, വികെഎൻ അടക്കമുള്ള നിരവധി മഹാപ്രതിഭകളുടെ സൃഷ്ടികൾക്കായി ഒരുക്കിയ ചിത്രങ്ങളാണ് നമ്പൂതിരിയെ ജനപ്രിയനാക്കിയത്.

മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

Similar Posts