മോഹൻലാൽ ശനിയാഴ്ച മാധ്യമങ്ങളെ കാണും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുമെന്ന് സൂചന
|ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം മാധ്യമങ്ങളെ കാണുന്നത് ആദ്യം
തിരുവനന്തപുരം: നടൻ മോഹൻലാൽ ശനിയാഴ്ച മാധ്യമങ്ങളെ കാണും. ഉച്ചക്ക് തിരുവനന്തപുരത്തുവെച്ച് കാണുമെന്നാണ് വിവരം.
തിരുവനന്തപുരത്ത് നാളെ അദ്ദേഹം മൂന്ന് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്നത്.
റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുണ്ടായ വിവാദങ്ങൾക്കിടെ കഴിഞ്ഞദിവസം മോഹൻലാൽ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. കൂടാതെ 17 അംഗ ഭരണസമിതി പിരിച്ചുവിട്ടെന്നും വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.
ഇതിനെതിരെ ‘അമ്മ’യിൽനിന്നടക്കം വലിയ വിമർശനമാണ് ഉയർന്നിരുന്നത്. ആരോപണങ്ങളിൽനിന്ന് മറുപടി പറയാതെ ഒളിച്ചോടുകയാണ് ‘അമ്മ’ ഭാരവാഹികൾ ചെയ്തതെന്നായിരുന്നു പ്രധാന ആക്ഷേപം. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് മോഹൻലാൽ ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് സൂചന. റിപ്പോർട്ട് പുറത്തുവന്ന സമയത്ത് അദ്ദേഹം ചെന്നൈയിലായിരുന്നു.