മോക്ഡ്രിൽ അപകടം : ബിനു സോമന്റെ മരണം സ്ഥിരീകരിക്കുന്നത് വൈകിപ്പിച്ചതായി സൂചന
|മരണം സ്ഥിരീകരിക്കുന്നത് വൈകിപ്പിക്കാൻ ഉന്നതർ ഇടപെട്ടെന്നാണ് സൂചന
പത്തനംതിട്ട: മോക്ഡ്രില്ലിനിടെ നടന്ന അപകടത്തിൽ മുങ്ങിമരിച്ച ബിനു സോമന്റെ മരണം സ്ഥീരീകരിക്കുന്നത് വൈകിപ്പിച്ചതായി സൂചന. മരണം സ്ഥിരീകരിക്കുന്നത് വൈകിപ്പിക്കാൻ ഉന്നതർ ഇടപെട്ടെന്നാണ് സൂചന. മറ്റിടങ്ങളിലെ മോക്ഡ്രില്ലിനെ ബാധിക്കാതിരിക്കാനും, ജനങ്ങളുടെ പ്രതിഷേധം ഒഴിവാക്കാനും ലക്ഷൃമിട്ടുമാണ് വിവരം മറച്ചുവച്ചത്.
അപകടത്തിൽ ദുരന്തനിവാരണ അതോരിറ്റിയുടെ വീഴ്ച്ച സമ്മതിച്ച് സബ്കലക്ടറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു . മണിമലയാറ്റിലെ ചെളി നിറഞ്ഞ സ്ഥലമാണ് മോക്ഡ്രില്ലിനായി തെരഞ്ഞെടുത്തത്. എൻ.ഡി.ആർ.എഫിന്റെ നിർദേശ പ്രകാരം ആദ്യം തെരഞ്ഞെടുത്ത സ്ഥലം മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ വകുപ്പുകളുടെയും സേനകളുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ കലക്ടർ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ഡിസംബർ 29 ന് രാവിലെ ഒമ്പതരയോടെയാണ് ബിനു അപകടത്തിൽപ്പെടുന്നത്. ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ കീഴിൽ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മോക്ഡ്രില്ലിനിടെയായിരുന്നു അപകടം. പ്രദേശവാസികളായ നാല് യുവാക്കളോട് മണിമലയാറ്റിൽ ചാടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിനു അടക്കം നീന്തലറിയാവുന്ന നാല് യുവാക്കൾ വെള്ളത്തിലിറങ്ങിയത്. എന്നാൽ മറുവശത്തേക്ക് നീന്തുന്നതിനിടെ ബിനു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.