ഹജ്ജ് വളണ്ടിയർ ജോലിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്: അഞ്ഞൂറിലധികം പേർക്ക് പണം നഷ്ടപ്പെട്ടു
|കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മക്വറ്റ് FZC എന്ന ഏജൻസിക്കെതിരെയാണ് പൊലീസിൽ പരാതി
കോഴിക്കോട്: ഹജ്ജ് വളണ്ടിയർ ജോലിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്. അഞ്ഞൂറിലധികം പേർക്ക് 10,000 രൂപ വീതം നഷ്ടപ്പെട്ടു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മക്വറ്റ് FZC എന്ന ഏജൻസിക്കെതിരെയാണ് പൊലീസിൽ പരാതി പ്രവാഹം.
സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യങ്ങൾ കണ്ടിട്ടാണ് ആളുകൾ ഏജൻസിയെ സമീപിക്കുന്നത്. ഇരുപതിനായിരം രൂപ നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് ഹജ്ജ് വാളണ്ടിയർ ആയി മൂന്നുമാസത്തെ പ്രോജക്ട് വിസ ലഭിക്കും. ആദ്യഘട്ടത്തിൽ 10000 രൂപ നൽകി രജിസ്റ്റർ ചെയ്യണം. യാത്രക്ക് മുന്നോടിയായി ബാക്കി.
500 ലധികം ആളുകളാണ് ഏജൻസിയെ വിശ്വസിച്ച് പണം അടച്ചത്. ആവശ്യമായ രേഖകളും ഹാജരാക്കി. യാത്രയ്ക്കായി നിശ്ചയിച്ച ദിവസം എത്തിയിട്ടും ഏജൻസിയുടെ ഭാഗത്തുനിന്നും യാതൊരുവിധ അനക്കവുമില്ലാതെയായതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
ഏജൻസി നടത്തിപ്പിൽ പ്രധാനികളായ റിയാസ് ബാബു, സനൂപ്, ഷറഫലി എന്നിവർ ഒളിവിലാണ്. പരാതിയുമായി എത്തിയ കുറച്ചുപേർക്ക് പാസ്പോർട്ട് തിരികെ ലഭിച്ചു . സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയില്ല എന്നും ഏജൻസിയിലെ സ്റ്റാഫ് പറയുന്നു.-
ഇരയാക്കപ്പെട്ടവരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് വ്യാഴാഴ്ചക്കകം നടപടി സ്വീകരിക്കാം എന്ന ഉറപ്പ് നൽകി.
കേരളത്തിനകത്തും പുറത്തുമായി നിരവധി ആളുകൾക്കാണ് പണവും പാസ്പോർട്ട് അടക്കമുള്ള രേഖകളും തിരികെ ലഭിക്കാൻ ഉള്ളത്. സമാനമായ തട്ടിപ്പ് നടത്തിയ മറ്റു ഏജൻസികളുമെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.