'അരിക്കൊമ്പൻ ഭക്ഷണവും വെള്ളവും തേടി തിരികെ വരാൻ സാധ്യതയുണ്ട്'; കൃത്യമായി നിരീക്ഷിക്കണമെന്ന് ഹൈക്കോടതി
|മിഷൻ അരിക്കൊമ്പന്റെ ഭാഗമായ ദൗത്യസംഘത്തെ കോടതി അഭിനന്ദിച്ചു
കൊച്ചി: പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പനെ കൃത്യമായി നിരീക്ഷിക്കണമെന്ന് ഹൈക്കോടതി. റേഷൻ കടകളാണ് കൊമ്പന്റെ ലക്ഷ്യം. ഭക്ഷണവും വെള്ളവും തേടി കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പുതിയ ഭക്ഷണരീതി ശീലമാകുന്നത് വരെ റേഷൻ കടകൾ തേടി കൊമ്പൻ നടക്കാനുള്ള സാധ്യത ഉണ്ട്, ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി നിർദേശിച്ചു. കൊമ്പനുള്ളത് തമിഴ്നാട് വനാതിർത്തിയിലാണെന്നും റേഡോയോകളർ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് കോടതിയിൽ മറുപടി നൽകി. മിഷൻ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി നിരീക്ഷണം. മിഷൻ അരിക്കൊമ്പന്റെ ഭാഗമായ ദൗത്യസംഘത്തെ കോടതി അഭിനന്ദിച്ചു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നൽകി.
അരിക്കൊമ്പൻ മിഷനിൽ പങ്കാളികളായ മുഴുവൻ ദൗത്യസംഘാഗങ്ങളെയും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അഭിനന്ദിച്ചു. മൃഗങ്ങളും മനുഷ്യനുമായുള്ള സംഘർഷം പഠിക്കാൻ അമിക്യസ് ക്യൂറി ചെയർമാനായ വിദഗ്ധ സമിതിയെ ഹൈക്കോടതി രൂപീകരിക്കും. വിഷയത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. നിയമവിരുദ്ധമായ കൈയ്യേറ്റങ്ങൾ കണ്ടെത്തണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കണമെന്നും കോടതി പറഞ്ഞു.
മൃഗങ്ങളും മനുഷ്യരുമായി സംഘർഷമുണ്ടാകുമ്പോൾ മൃഗങ്ങളെ ആവാസ വ്യവസ്ഥയിൽ നിന്നും മാറ്റിയിട്ട് കാര്യമില്ല, അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റിയപ്പോൾ ചക്കക്കൊമ്പന്റെ ആക്രമണം ഉണ്ടായത് അതിന് ഉദാഹരണമാണെന്നും കോടതി പറഞ്ഞു. വിഷയത്തിൽ ദീർഘകാല പരിഹാരം വിദഗ്ധ സമിതി കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.
ഹരജി പരിഗണിക്കവെ ദൗത്യ സംഘവുമായി സഹകരിക്കാത്ത ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റിനെയും കോടതി വിമർശിച്ചു. ജനപ്രതിനിധികൾ രാഷ്ട്രീയം കളിക്കരുതെന്നും പ്രശ്നങ്ങൾ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ പറഞ്ഞു. മാലിന്യനീക്കം കാര്യക്ഷമമായി നടക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് കോടതിയുടെ മറ്റൊരു നിരീക്ഷണം. മാലിന്യങ്ങളുചടെ ദുർഗന്ധത്തിൽ ആകൃഷ്ടരായി മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നുണ്ട്. ഇതിന് കൃത്യമായ പരിഹാരം വേണമെന്നും കോടതി നിർദേശിച്ചു. ഹരജിയിൽ രണ്ചാഴ്ചക്ക് ശേഷം ജസ്റ്റിസുമാരായ ജയശങ്കരൻനമ്പ്യാരും പി ഗോപിനാഥും വീണ്ടും വാദം കേൾക്കും.
അതിനിടെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്ന് വിട്ട അരിക്കൊമ്പനിൽ ഘടിപ്പിച്ച ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്‌നൽ ലദിക്കാത്തത് വനം വകുപ്പിനെ ആശങ്കയിലാക്കി. ഇന്നലെ ഉച്ച മുതൽ സിഗ്‌നലുകൾ തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ലഭിച്ചില്ല. ഇന്ന് രാവിലെയാണ് സിഗ്‌നൽ വീണ്ടെടുത്തത്.
ഇടതൂർന്ന വനമേഖലയും മേഘാവൃതമായ അന്തരീക്ഷവുമാണ് സാറ്റലൈറ്റ് വഴി സിഗ്‌നലുകൾ ലഭിക്കുന്നതിന് തടസമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഇന്നലെ ജി.പി.എസ് കോളറിൽ നിന്നുള്ള അവസാന സിഗ്‌നൽ ലഭിക്കുമ്പോൾ തമിഴ്‌നാട് അതിർത്തി വനമേഖലയായ വണ്ണാത്തിപ്പാറയിലായിരുന്നു അരിക്കൊമ്പൻ. ഉച്ചയ്ക്ക് രണ്ടു മണിയോടെ സിഗ്‌നൽ ലഭിക്കാതെയായി.
ഇന്ന് രാവിലെയാണ് വീണ്ടും തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ സിഗ്‌നലുകൾ ലഭിച്ചത്. പുതിയ വിവരപ്രകാരം അരിക്കൊമ്പൻ ഇപ്പോഴും തമിഴ്‌നാട് അതിർത്തി വനമേഖലയിൽ തന്നെയാണ്. ഓരോ മണിക്കൂർ ഇടവിട്ട് സിഗ്‌നലുകൾ ലഭിക്കത്തക്ക വിധത്തിലാണ് ജിപിഎസ് കോളറിന്റെ പ്രവർത്തനം. തടസം നേരിട്ടാൽ മൂന്നു മണിക്കൂർ വരെ വൈകും. ഇനിയും സിഗ്‌നലുകൾ തടസ്സപ്പെട്ടാൽ വെരി ഹൈ ഫ്രീക്വൻസി ആന്റിന ഉപയോഗിച്ച് കാടിനുള്ളിൽ തിരയാനാണ് വനം വകുപ്പിന്റെ തീരുമാനം. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.