![മങ്കിപോക്സ്: കേന്ദ്ര ഗവൺമെന്റ് കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചു മങ്കിപോക്സ്: കേന്ദ്ര ഗവൺമെന്റ് കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചു](https://www.mediaoneonline.com/h-upload/2022/07/14/1306661-untitled-1-recovered.webp)
മങ്കിപോക്സ്: കേന്ദ്ര ഗവൺമെന്റ് കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചു
![](/images/authorplaceholder.jpg?type=1&v=2)
വിദഗ്ധ സംഘം സംസ്ഥാന ആരോഗ്യ അധികാരികളുമായി ചേർന്ന് രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചു. ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ, (എൻ.സി.ഡി.സി) ജോയിന്റ് ഡയറക്ടർ ഡോ: സാങ്കേത് കുൽക്കർണി , ന്യൂഡൽഹിയിലെ ഡോ. ആർ.എം.എൽ ഹോസ്പിറ്റലിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ, ഡോ: അരവിന്ദ് കുമാർ അച്ഛ്‌റ, ഡെർമറ്റോളജിസ്റ്റ് ഡോ: അഖിലേഷ് തോലേ , കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ (കോഴിക്കോട്) അഡൈ്വസർ ഡോ: പി. രവീന്ദ്രൻ എന്നിവർക്ക് പുറമെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം.
ഈ സംഘം സംസ്ഥാന ആരോഗ്യ അധികാരികളുമായി ചേർന്ന് രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനെ അറിയിക്കുന്നതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിലെ ദുരന്ത നിവാരണ സെൽ കൈക്കൊണ്ട പൊതുജനാരോഗ്യ നടപടികൾ സംസ്ഥാന ഗവൺമെന്റിനെ ധരിപ്പിക്കുകയും ചെയ്യും.
സംഘം സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുകയും സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ പൊതുജനാരോഗ്യ ഇടപെടലുകൾ ശുപാർശ ചെയ്യുകയും ചെയ്യും. കേന്ദ്ര ഗവൺമെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഇത്തരം പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടും സജീവമായ നടപടികൾ സ്വീകരിക്കുന്നുമുണ്ട്.