തട്ടിപ്പു കേസ്; മോൻസൺ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
|തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ കബളിപ്പിച്ച കേസിൽ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും
തട്ടിപ്പുകേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കുശേഷം മോൻസനെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ കബളിപ്പിച്ച കേസിൽ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. വ്യാഴാഴ്ച മൂന്നുദിവസത്തെ കസ്റ്റഡിയിലായിരുന്നു മോൻസണെ വിട്ടിരുന്നത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വൈകിട്ട് മൂന്നുമണിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. ഇതിനുമുമ്പ് രാവിലെ വിശദമായി ചോദ്യം ചെയ്യും.
ചേർത്തലയിൽ കൊണ്ടുപോയി ഉള്ള തെളിവെടുപ്പ് ഉണ്ടായേകില്ല. കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെ പരാതിക്കാരായ ഷമീർ, അനൂപ് എന്നിവരിൽനിന്ന് ക്രൈംബ്രാഞ്ച് വിശദമായ മൊഴി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനോട് മോൻസൺ സഹകരിക്കുന്നുണ്ട്.
മോൻസണ് വ്യാജരേഖ ചമച്ച് നൽകിയവർ ആരാണ് എന്ന അന്വേഷണവും ക്രൈംബ്രാഞ്ച് ആരംഭിച്ചു. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശില്പി സുരേഷ് നൽകിയ പരാതിയിൽ ഇന്നലെ മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്താനായില്ല. ഇന്നും നാളെയും കോടതി അവധിയായതിനാൽ ഇനി തിങ്കളാഴ്ച ആകും അറസ്റ്റ് നടപടികൾ ഉണ്ടാവുക. ഇന്നലെ മോൻസന്റെ കലൂരിലെ വീട്ടിലുള്ള ആഡംബരക്കാറുകളിൽ മോട്ടോർവാഹനവകുപ്പ് വീണ്ടും പരിശോധന നടത്തിയിരുന്നു. ആഡംബര കാറുകളിൽ പലതിനും മതിയായ രേഖകൾ ഇല്ലാത്തതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. എട്ടു വാഹനങ്ങളാണ് പരിശോധിച്ചത്. ചില കാറുകളിൽ വിദേശ നിർമിത കാറുകളുടെ രൂപമാറ്റം വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട് . പരിശോധന തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.