Kerala
വ്യാജ കോടതി ഉത്തരവുണ്ടാക്കിയും മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പ്
Kerala

വ്യാജ കോടതി ഉത്തരവുണ്ടാക്കിയും മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പ്

Web Desk
|
28 Sep 2021 12:49 AM GMT

ഫെമ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ട്രിബ്യൂണലിന്റെ വിധിയാണ് വ്യാജമായി ഉണ്ടാക്കിയത്.

പുരാവസ്തു വില്‍പ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കൽ വ്യാജ കോടതി ഉത്തരവുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്. ഫെമ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ട്രിബ്യൂണലിന്റെ വിധിയാണ് വ്യാജമായി ഉണ്ടാക്കിയത്. മോൻസന്‍റെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

മോൻസൺ മാവുങ്കലിന് ഉന്നത രാഷ്‌ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ ബന്ധങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. പല ഉന്നതർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഉന്നത വ്യക്തികളുമായി ബിസിനസിനെക്കുറിച്ചു നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും ഇയാൾ തട്ടിപ്പു നടത്താൻ ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പുരാവസ്തുക്കളും ഡയമണ്ടും വിദേശത്തു വിറ്റ വകയിൽ 26,200 കോടി രൂപ അക്കൗണ്ടിലുണ്ടെന്ന എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ സ്റ്റേറ്റ്‌മെന്റുകൾ കാണിച്ചാണ് തട്ടിപ്പു നടത്തിയത്. ഈ തുക നാട്ടിലെത്തിക്കാൻ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമുള്ള തടസങ്ങൾ നീക്കാൻ സാമ്പത്തിക സഹായം തേടിയാണ് മോൻസൺ പരാതിക്കാരെ സമീപിച്ചത്. സഹായിച്ചാൽ തന്‍റെ കമ്പനികളിൽ ഡയറക്ടർ ബോർഡ് അംഗമാക്കാമെന്നും ദീർഘകാലത്തേക്ക് ബിസിനസിനായി പലിശരഹിത വായ്പ നൽകി സഹായിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

പരാതിക്കാരെ വിശ്വസിപ്പിക്കാനായാണ് ഫെമ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ട്രിബ്യൂണലിന്റെ വിധി വ്യാജമായി ഉണ്ടാക്കിയത്. കലൂരിലെ വീട്ടിലുള്ള ആഡംബര കാറുകൾ കാണിച്ച് പരാതിക്കാരെ വിശ്വസിപ്പിച്ചു. നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്ന് ഓണററി ഡോക്ടറേറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. പന്തളം പൊലീസ് സ്റ്റേഷനിലും എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.

Related Tags :
Similar Posts