പുരാവസ്തു തട്ടിപ്പ്: മോന്‍സന്‍ ഒന്‍പതുവരെ റിമാന്‍ഡില്‍
|ആറു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നു തീര്‍ന്നതോടെയാണ് മോന്‍സനെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒന്‍പതുവരെയാണ് മോന്‍സന്‍ റിമാന്‍ഡില്‍ തുടരുക. ആറു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നു തീര്‍ന്നതോടെ മോന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ തെളിവുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
എറണാകുളം സിജെഎം കോടതിയാണ് റിമാന്‍ഡ് ചെയ്തത്. മോന്‍സന്‍ നിര്‍മിച്ച വ്യാജ രേഖകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം നടക്കുന്നത്. ഇലക്ട്രോണിക് ഡിവൈസ് അടക്കമുള്ള തെളിവുകള്‍ കണ്ടെത്താന്‍ കൂടുതല്‍ ദിവസം വേണമെന്ന ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടു. നേരത്തെ, മോന്‍സന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും ക്രൈബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി സുരേഷ് നിര്‍മിച്ചുനല്‍കിയ വിഗ്രഹങ്ങളും ശില്‍പങ്ങളുമാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.
സുരേഷ് നിര്‍മിച്ചു നല്‍കിയത് ഒന്‍പത് ശില്‍പങ്ങളാണ്. പക്ഷേ ഇതില്‍ ഒന്ന് കാണാനില്ല. ബാക്കിയുള്ള എട്ടെണ്ണവും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. 80 ലക്ഷം രൂപ നല്‍കാം എന്നു പറഞ്ഞായിരുന്നു സുരേഷില്‍നിന്ന് മോന്‍സന്‍ സാധനങ്ങള്‍ വാങ്ങിയത്. എന്നാല്‍ നല്‍കിയത് വെറും ഏഴ് ലക്ഷം രൂപ മാത്രമാണെന്ന് ശില്‍പിയായ സുരേഷ് പറയുന്നു. സുരേഷിനെ കബളിപ്പിച്ച കേസില്‍ മോണ്‍സന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും.
കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെ പരാതിക്കാരായ ഷമീര്‍, അനൂപ് എന്നിവരില്‍നിന്ന് ക്രൈംബ്രാഞ്ച് വിശദമായ മൊഴി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനോട് മോന്‍സന്‍ സഹകരിക്കുന്നുണ്ട്. മോന്‍സന് വ്യാജരേഖ ചമച്ച് നല്‍കിയവര്‍ ആരാണ് എന്ന അന്വേഷണവും ക്രൈംബ്രാഞ്ച് ആരംഭിച്ചു.