Kerala
തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടതായി മോന്‍സന്‍റെ മൊഴി
Kerala

തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടതായി മോന്‍സന്‍റെ മൊഴി

Web Desk
|
9 Oct 2021 5:16 AM GMT

സംസ്കാര ചാനൽ കേസിൽ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈൽ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി

തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടതായി പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസന്‍റെ മൊഴി. സംസ്കാര ചാനൽ കേസിൽ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈൽ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി.

സംസ്കാര ചാനൽ വാങ്ങാൻ ശ്രമിച്ചതും മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടതിന്‍റെ ഭാഗമായെന്നും മോൺസൺ മൊഴി നൽകി. ഇതിന്‍റെ ഭാഗമായി ചാനലിന് 10 ലക്ഷം രൂപ കൈമാറിയത് ബിനാമി ജോഷി വഴിയാണെന്ന് മോന്‍സൺ പറഞ്ഞു. ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് മോന്‍സണെ ചോദ്യം ചെയ്യുകയാണ്. ചാനൽ ചെയർമാനെന്ന് വ്യാജമായി പ്രചരിപ്പിച്ച് പണം തട്ടിയ കേസിലാണ് ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരുന്നത്. കേസിൽ കഴിഞ്ഞ ദിവസമാണ് മോൺസണെ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടത്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. അതേസമയം മോന്‍സന്‍റെ സാമ്പത്തിക തട്ടിപ്പിൽ ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി. സാമ്പത്തിക-ബാങ്ക് ഇടപാടുകളുടെ രേഖകൾ ആദായനികുതി അന്വേഷണ വിഭാഗം ശേഖരിച്ചു. രണ്ടാംഘട്ടമായി പരാതിക്കാരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.

മോന്‍സന്‍റെ ജാമ്യാപേക്ഷ എറണാകുളം സി.ജെ.എം കോടതി ഇന്നലെ തള്ളിയിരുന്നു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് കൈവശമുണ്ടെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസിലും പുരാവസ്തു തട്ടിപ്പു കേസിലുമാണ് മോന്‍സണ്‍ മാവുങ്കൽ ജാമ്യാപേക്ഷ നൽകിയിരുന്നത്.

Similar Posts