മഴക്കാല രോഗങ്ങള്‍ കൂടുന്നു; ഈ മാസം 288 ഡെങ്കി കേസുകള്‍
|കാസര്‍കോട്, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് മഴക്കാല രോഗങ്ങള്‍ കൂടുന്നു. ഈ മാസം മാത്രം 288 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 69 പേർക്ക് എലിപ്പനിയും ബാധിച്ചു.
കാസര്‍കോട് - 67, കോഴിക്കോട് - 60, എറണാകുളം - 49 എന്നിങ്ങനെ ഈ മാസം ഒന്ന് മുതല്‍ 12 വരെ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 288 ഡെങ്കിപ്പനി കേസുകളാണ്. 1037 പേരില്‍ ഡെങ്കി ലക്ഷണങ്ങള്‍ കണ്ടു. ഡെങ്കി സ്ഥിരീകരിക്കാത്ത നാല് മരണവും ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. സിക്ക കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം.
ഡെങ്കി മാത്രമല്ല, എലിപ്പനിയും മഴക്കാലത്ത് കൂടുതലാണ്. 69 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ആറ് പേരാണ് ഈ മാസം മരിച്ചത്. കൊതുക് നിവാരണവും ശുചീകരണപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.