Kerala
Monsoon in the state in four days
Kerala

സംസ്ഥാനത്ത് കാലവർഷം നാല് ദിവസത്തിനുള്ളിൽ; ആറ് ദിവസം കൂടി മഴ തുടരും

Web Desk
|
29 May 2024 12:41 AM GMT

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം നാല് ദിവസത്തിനുള്ളിൽ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റ സ്വാധീന ഫലമായി അടുത്ത 6 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി 4 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇന്നും ജില്ലയിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. കഴിഞ്ഞ ദിവസത്തെ മഴയിൽ കളമശ്ശേരിയിൽ 400ലധികം വീടുകളിൽ വെള്ളം കയറിയിരുന്നു. കളമശ്ശേരി,കാക്കനാട്, തൃക്കാക്കര,തൃപ്പുണിത്തുറ തുടങ്ങിയിടങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ട് ഉണ്ടായി. മഴ തുടർന്നാൽ എറണാകുളം ജില്ലയിലെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങും.

ഇടപ്പള്ളി അരൂർ ദേശീയപാതയിൽ ഉൾപ്പെടെ നഗരത്തിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പ്രളയകാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ കളമശ്ശേരിയിൽ മാത്രം ആറു മണിക്കൂറിനിടെ പെയ്തത് 157 മില്ലിമീറ്റർ മഴയാണ്. മേഘവിസ്ഫോടനമാണ് കനത്ത മഴക്ക് കാരണമെന്ന് കുസാറ്റ് അധികൃതർ അഭിപ്രായപ്പെട്ടു. മഴകെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്ന് സൂചനയുള്ളതിനാൽ ജാഗ്രത വേണം എന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും വെള്ളകെട്ടും മണ്ണിടിച്ചിൽ ഭീതിയും ഒഴിഞ്ഞില്ല. ഇന്നലെ വൈകീട്ട് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ 11 ക്യാമ്പുകളിലായി 332 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മണിമല, മീനച്ചിൽ ആറുകളുകളിൽ ജലനിരപ്പ് താഴുന്നു. മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകിയെത്തിയ വെള്ളം വെള്ളക്കെട്ട് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Similar Posts