Kerala
387 മലബാര്‍ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തു
Kerala

'387 മലബാര്‍ സമര രക്തസാക്ഷി'കളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തു

Web Desk
|
23 Aug 2021 4:32 AM GMT

ബ്രിട്ടീഷുകാരോട് മാപ്പ് പറയാൻ വിസമ്മതിക്കുകയും രക്തസാക്ഷിത്വം തിരഞ്ഞെടുക്കുകയും ചെയ്ത യോദ്ധാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞിരുന്നു

മലബാർ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്‍ലിയാർ ഉൾപ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തു. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആര്‍) പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ പാനലാണ് തീരുമാനമെടുത്തതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

1921 ലെ സമരം ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാ​ഗമല്ലെന്നും മതപരിവർത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. സമരക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതയ്ക്ക് അനുകൂലമല്ല, അതേസമയം ബ്രിട്ടീഷ് വിരുദ്ധവുമല്ല. കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. ഇത് വിജയിച്ചിരുന്നെങ്കിൽ, ഇവിടെയും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നു. ഇന്ത്യക്ക് ആ പ്രദേശം നഷ്ടപ്പെടുമായിരുന്നെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

ഹാജി ഒരു ശരീഅത്ത് കോടതി സ്ഥാപിക്കുകയും ധാരാളം ഹിന്ദുക്കളുടെ ശിരഛേദം ചെയ്യുകയും ചെയ്ത കലാപകാരിയാണെന്ന് സമിതി കണ്ടെത്തിയിരിക്കുന്നു. മതേതര മുസ്‍ലിംകളെ പോലും കലാപകാരികൾ വെറുതെ വിട്ടില്ല. കലാപകാരികളുടെ കാഴ്ചപ്പാടിൽ മരിച്ചവർ അവിശ്വാസികളായിരുന്നു. വിചാരണക്ക് വിധേയരായ തടവുകാരായ ധാരാളം "രക്തസാക്ഷികൾ" കോളറ തുടങ്ങിയ രോ​ഗങ്ങളാലാണ് മരണമടഞ്ഞത്. അതിനാൽ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. അവരിൽ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണക്ക് ശേഷം ബ്രിട്ടീഷ് സർക്കാർ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

സമിതിയുടെ ശുപാർശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്കരിക്കുമെന്നും ഒക്ടോബർ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐ.സി.എച്ച്.ആര്‍ ഡയറക്ടർ (റിസർച്ച് ആൻഡ് അഡ്മിനിസ്ട്രേഷൻ) ഓം ജീ ഉപാധ്യായ് പറഞ്ഞു.

കോഴിക്കോട് ഒരു യോഗത്തിൽ ആർ.എസ്.എസ് നേതാവ് രാം മാധവ്, ഇന്ത്യയിലെ താലിബാൻ മനോഭാവത്തിന്റെ ആദ്യ പ്രകടനങ്ങളിലൊന്നാണ് മലബാർ സമരമെന്ന് പ്രസ്താവിച്ചിരുന്നു. അതേസമയം കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ് ബ്രിട്ടീഷുകാരോട് മാപ്പ് പറയാൻ വിസമ്മതിക്കുകയും രക്തസാക്ഷിത്വം തിരഞ്ഞെടുക്കുകയും ചെയ്ത യോദ്ധാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് പറഞ്ഞിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിം​ഗിനൊപ്പം ആണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നടൻ പൃഥ്വിരാജ് നായകനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമക്കെതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു.

Similar Posts