വിദ്യക്കെതിരെ കൂടുതൽ ആരോപണം; പി.ച്ച്.ഡി പ്രവേശനം അട്ടിമറിയിലൂടെയെന്ന് കെ.എസ്.യു
|റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ 10 പേരുടെ പട്ടികയിൽ വിദ്യയുടെ പേരുണ്ടായിരുന്നില്ല.
കൊച്ചി: വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മഹാരാജാസ് കോളജ് പൂർവവിദ്യാർഥിനി കെ. വിദ്യക്കെതിരെ കൂടുതൽ ആരോപണവുമായി കെ.എസ്.യു. കാലടി സർവകലാശാലയിൽ അട്ടിമറി നടത്തിയാണ് വിദ്യയുടെ പി.ച്ച്.ഡി പ്രവേശനമെന്ന് കെ.എസ്.യു ആരോപിച്ചു.
റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ 10 പേരുടെ പട്ടികയിൽ വിദ്യയുടെ പേരുണ്ടായിരുന്നില്ല. വിദ്യയ്ക്കായി അഞ്ച് പേരെക്കൂടി അധികമായി ഉൾപ്പെടുത്തി. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും മന്ത്രി പി. രാജീവും ക്രമവിരുദ്ധമായി ഇടപെട്ടുവെന്നും ഇവർ മുൻകൈയെടുത്താണ് അട്ടിമറി നടത്തിയതെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
ഇതിനിടെ, കെ. വിദ്യ കാസർകോട് കരിന്തളം ഗവ. കോളജിൽ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന വിവരം പുറത്തുവന്നിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചറായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. ഒരു അധ്യയന വർഷം പൂർണമായും ജോലി ചെയ്തു.
മഹാരാജാസ് കോളജിന്റെ പേരിലുള്ള എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് തന്നെയാണ് ഇവിടെയും ഹാജരാക്കിയതെന്ന് പ്രിൻസിപ്പൽ പറയുന്നു. കാലാവധി കഴിഞ്ഞതിനു ശേഷമാണ് വിദ്യ ഇവിടെ നിന്നും പോയത്. നേരത്തെ, അട്ടപ്പാടി സർക്കാർ കോളജിലാണ് കാസർകോട് സ്വദേശിനിയായ കെ വിദ്യ മഹാരാജാസിൽ ഗസ്റ്റ് ലക്ചറായിരുന്നുവെന്ന വ്യാജ രേഖ കാണിച്ച് നിയമനം നേടിയത്.
2018- 19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറാണെന്ന് കാണിച്ചായിരുന്നു തട്ടിപ്പ്. വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലത്തിലും മറ്റ് വിവരങ്ങളിലും അട്ടപ്പാടി സർക്കാർ കോളജിലെ അധികൃതര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളജിനെ ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവർ ഗസ്റ്റ് ലക്ചറായി ജോലി ചെയ്തിട്ടില്ലെന്ന് മനസിലായത്.
മഹാരാജാസിലെ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായിരുന്നെന്നാണ് രേഖകളിലുള്ളത്. എന്നാല്‍ പത്തു വര്‍ഷത്തിനിടെ മലയാളം വിഭാഗത്തില്‍ ഇത്തരത്തില്‍ നിയമനം നടന്നിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കുന്നത്. വ്യാജരേഖ ചമച്ചെന്ന് കാണിച്ച് മഹാരാജാസ് കോളജ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്.