മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ കൂടുതൽ ആരോപണം; ചെളിവെള്ളത്തിൽ കമ്പിപാകിയുള്ള കോൺക്രീറ്റിങ് ദൃശ്യങ്ങൾ മീഡിയവണിന്
|ദേശീയപാതയുടെ പാലത്തിനുള്ള പില്ലർ നിർമാണത്തിൻ്റെ ഭാഗമായായിരുന്നു കോൺക്രീറ്റിങ്.
കാസർകോട്: പെരിയയിൽ ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന അടിപ്പാത തകർന്നതിനു പിന്നാലെ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ കൂടുതൽ ആരോപണങ്ങൾ. ചെളിവെള്ളത്തിൽ കമ്പിപാകി കോൺക്രീറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
കാസർകോട് ബേവിഞ്ച സ്റ്റാർനഗർ എന്നയിടത്താണ് ചെളി കെട്ടി നിന്നിടത്ത് പില്ലർ നിർമിക്കാൻ കോൺക്രീറ്റ് നടത്തിയത്. ദേശീയപാതയുടെ പാലത്തിനുള്ള പില്ലർ നിർമാണത്തിൻ്റെ ഭാഗമായായിരുന്നു കോൺക്രീറ്റിങ്. ഈ പില്ലറിനു മുകളിലാണ് 30 മീറ്റർ വീതിയിൽ പാലം ഉയരുന്നത്. ആവശ്യത്തിന് കുഴിയെടുക്കാതെയാണ് ഓപൺ ഫൗണ്ടേഷന്റെ നിർമാണമെന്നും ആക്ഷേപമുണ്ട്.
ചട്ടഞ്ചാലിനും ചെര്‍ക്കളയ്ക്കും ഇടയിലുള്ള കുന്നുകള്‍ക്കിടയിലാണ് പാലം നിര്‍മിക്കുന്നത്. പൈലിങ് നടത്തി പില്ലര്‍ സ്ഥാപിച്ച് 360 മീറ്റര്‍ നീളമുള്ള പാലം നിര്‍മിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് പിന്നീട് 240 മീറ്ററായി കുറയ്ക്കുകയായിരുന്നു. റൗണ്ട് പില്ലറും പൈലിങ്ങും ഒഴിവാക്കി വോള്‍ ബീം സ്ഥാപിച്ചാണ് ഇപ്പോള്‍ പാലം നിര്‍മിക്കുന്നത്.
ചെളിവെള്ളത്തില്‍ കമ്പി പാകി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് മുകളിലാണ് വോള്‍ ബീം വരേണ്ടത്. അതിനു മുകളിലാണ് 30 മീറ്റര്‍ വീതിയിലുള്ള പാലമുള്‍പ്പെടുന്ന ദേശീയപാത വരുന്നതെന്നതാണ് ഏറ്റവും ഗൗരവതരമായ കാര്യം. വളരെ ലാഘവത്തോടെയുള്ള കോണ്‍ക്രീറ്റിങ് ആണ് കമ്പനി നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.
ഇന്നലെ പുലർച്ചെയാണ് കാസർകോട് ദേശീയപാതയുടെ ഭാഗമായി പെരിയ ബസ് സ്റ്റോപ്പിൽ നിർമിക്കുന്ന അടിപ്പാത തകർന്നത്. അപകടത്തിൽ ആളപായമില്ലാത്തത് ആശ്വാസമായി. കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അടിപ്പാത നിലംപൊത്തിയത്. നേരത്തെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കമ്പി പാകിയതിന് ശേഷം പുലർച്ചെ കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അടിപ്പാത തകർന്നുവീണത്.
അടിപ്പാത തകർന്ന സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്തിരുന്നു. അടിപ്പാതയുടെ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസിനെതിരെ ഐപിസി 336, 338, കെപി 118 എന്നീ വകുപ്പുകൾ പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിനടക്കമാണ് കേസ്.
അടിപ്പാത തകർന്നതിനെ പിന്നാലെ കരാർ കമ്പനിക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. നിർമാണത്തിലെ അപാകത തന്നെയാണ് കാരണമെന്ന് പ്രദേശവാസികളും അധികൃതരും പറയുന്നു. സംഭവസ്ഥലം സന്ദർശിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും മേഘ കൺസ്ട്രക്ഷൻസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
കോൺക്രീറ്റ് ചെയ്തതിൽ സംഭവിച്ച പിഴവാണ് അപകടമുണ്ടാക്കിയതെന്നും നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും എം.പി ആവശ്യപ്പെട്ടു. പെട്ടെന്ന് പണി തീർക്കാനുള്ള ശ്രമത്തിനിടെ ആവശ്യത്തിന് സിമന്റും വെള്ളവും ചേർക്കാതെയാണ് കോൺക്രീറ്റ് പ്രവർത്തികൾ നടത്തിയതെന്നായിരുന്നു പുല്ലൂർ- പെരിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം.
അടിപ്പാത തകർന്നുവീണതിന് പിന്നാലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ആളപായമില്ലെന്ന് കമ്പനി പറയുമ്പോഴും എട്ടോളം തൊഴിലാളികൾ അപകടസമയം സ്ലാബിന് മുകളിലുണ്ടായിരുന്നു. ഇവരിൽ എത്ര പേർക്ക് പരിക്കേറ്റെന്നോ എത്ര പേർ ചികിത്സ തേടിയെന്നോ വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് തൊഴിലാളികൾ ഇറങ്ങിയോടുന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചത്.
അടിപ്പാത തകർന്നുവീണതിന്റെ അവശിഷ്ടങ്ങൾ പെട്ടെന്ന് തന്നെ നീക്കാൻ കമ്പനി ശ്രമിച്ചതും സംശയത്തിനിടയാക്കുന്നുണ്ട്. നാട്ടുകാർ ഇടപെട്ടാണ് ഈ ശ്രമം തടഞ്ഞത്. അതേസമയം, നിർമാണത്തിലെ അപാകതകൾ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ വേണ്ട നടപടിയെടുത്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.