വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്ഥാപിക്കും; മന്ത്രി റോഷി അഗസ്റ്റിൻ
|പദ്ധതികൾ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ചകൾ നടത്താനാണ് ജല വിഭവ വകുപ്പിന്റെ തീരുമാനം
വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്ഥാപിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജലം സംഭരിക്കാൻ ജില്ലയിൽ മതിയായ സംവിധാനങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നലെ വയനാട് കലക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലം സംഭരിക്കാൻ മതിയായ സംവിധാനമില്ലാത്തതാണ് പുതിയ അണക്കെട്ടുകളുടെ നിർമ്മാണത്തിന് കാരണമായി വരുന്നത്. സംഭരിക്കാൻ അണക്കെട്ടുകളില്ലാത്തതു കൊണ്ട് കേരളത്തിനവകാശപ്പെട്ട 11 ടി.എം.സിയിലധികം ജലം പാഴാവുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ജില്ലയിൽ പുതിയ അണക്കെട്ടുകൾ അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ തൊണ്ടാർ, കടമാൻതോട് അടക്കമുള്ള പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കാനാണുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതികൾ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ചകൾ നടത്താനാണ് ജല വിഭവ വകുപ്പിന്റെ തീരുമാനം.അതേസമയം ഡാമുകൾ കേന്ദ്രീകരിച്ച് ഇറിഗേഷൻ ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി കാരപ്പുഴ ഡാം സന്ദർശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. എം.എൽ.എ മാരായ ടി. സിദ്ധീഖ് ഒ.ആർ കേളു , ഐ സി ബാലകൃഷ്ണൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.