തൃശൂർ പൂരത്തിന് കൂടുതൽ പൊലീസിനെ നിയോഗിക്കും: സിറ്റി പൊലീസ് കമ്മീഷണർ
|ഇത്തവണ പൂരം കാണാൻ പതിനഞ്ച് ലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷ
തൃശൂർ: പൂരത്തോടനുബന്ധിച്ച് സുരക്ഷയ്ക്ക് നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണം വർധിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ. കഴിഞ്ഞ തവണത്തേക്കാൾ ആയിരം പൊലീസുകാർ കൂടുതൽ ഇത്തവണ നഗരത്തിൽ ഉണ്ടാകും. വെടികെട്ട് കാണാൻ 100 മീറ്റർ അകലം പാലിച്ചുള്ള ക്രമീകരണം ഒരുക്കുമെന്നും കമ്മീഷണർ പറഞ്ഞു. ഇത്തവണ പൂരം കാണാൻ പതിനഞ്ച് ലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .
2019 ലാണ് അവസാനമായി തൃശൂർ പൂരം നിയന്ത്രണങ്ങളില്ലാതെ നടത്തിയത്. ശേഷമുള്ള രണ്ട് വർഷങ്ങൾ വലിയ ആൾ തിരക്കില്ലാതെയാണ് പൂരം ആഘോഷിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ തൃശൂർ ജില്ലയിലെ മറ്റ് പൂരങ്ങൾക്ക് വലിയ ജന തിരക്ക് ഉണ്ടായിരുന്നു. 2019 നെ അപേക്ഷിച്ച് 40 ശതമാനത്തോളം അധികം ആളുകൾ ഇത്തവണ തൃശൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ സുരക്ഷക്കായി 4000 ത്തോളം പൊലീസുകൾ ഇത്തവണ ഉണ്ടാകും. മെയ് 9 വൈകുന്നേരം മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. പൂരം അവസാനിക്കുന്ന മെയ് 11 ഉച്ച വരെ നിയന്ത്രണം തുടരും.