'തൃശൂരിൽ കൂടുതൽ ഇരകൾ'; അവയവ മാഫിയാ ഏജന്റ് പിടിയിലായതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ
|മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എ ബാബു ആരോപിച്ചു
തൃശ്ശൂർ: മുല്ലശ്ശേരി പഞ്ചായത്തിൽ അവയവ മാഫിയ സജീവമാണെന്ന വെളിപ്പെടുത്തലുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എ ബാബു. മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന് സി.എ ബാബു ആരോപിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും സ്ത്രീകളേയും കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് നടക്കുന്നത്. ഇടനിലക്കാർ വഴിയാണ് അവയവക്കച്ചവടം നടന്നതെന്ന് അവയവം നൽകിയ സ്ത്രീ പറഞ്ഞു.
അവയവ ദാനത്തിനായി ആശുപത്രിയിൽ എത്തിയപ്പോൾ വേറെയും ഏജന്റുമാർ സമീപിച്ചുവെന്ന് അവയവദാനം നൽകിയ വീട്ടമ്മ വെളിപ്പെടുത്തി. ഇടനിലക്കാരനായി പ്രവർത്തിച്ച അന്നകര സ്വദേശി വിശ്വനാഥിന്റെ പേര് വീട്ടമ്മ ആവർത്തിച്ച് പറഞ്ഞു. മുല്ലശ്ശേരി പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ നിന്നായി ഏഴ് പേർ അവയവദാനം നടത്തി, അഞ്ചുപേർ വൃക്കയും രണ്ടുപേർ കരളുമാണ് നൽകിയതെന്നാണ് സി.എ ബാബു മീഡിയവണിനോട് വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. സംഭവത്തിൽ പരാതിക്കാരന്റെയും അവയവദാതാക്കളുടെയും മൊഴിയെടുത്തു. ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് പരാതിയിൽ പറയുന്ന വിശ്വനാഥനെയും, ചോദ്യം ചെയ്തെങ്കിലും ഉപകാരപ്രദമല്ലാത്ത വിവരങ്ങളാണെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം അവയവ കച്ചവടത്തിനായി ഇന്ത്യയിൽ നിന്നും ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില് പ്രതി സാബിത്ത് നാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 12 ദിവസത്തേക്കാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ ആലുവ റൂറൽ എസ്.പി ഓഫീസിൽ എത്തിച്ച് എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
Watch Video Report