കുവൈത്ത് ദുരന്തം: വിമാനത്തിന്റെ സഞ്ചാരം ട്രാക്ക് ചെയ്തത് 2000ലേറെ പേർ
|വ്യോമസേനയുടെ ഐഎഫ്‌സി 0564 നമ്പർ കാർഗോ വിമാനം രാവിലെ 6.20നാണ് കുവൈത്തിൽ നിന്ന് പുറപ്പെട്ടത്.
കോഴിക്കോട്: കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി കൊച്ചിയിലേക്ക് വന്ന വ്യോമസേനാ വിമാനത്തിന്റെ ലൊക്കേഷൻ പിന്തുടർന്ന് നിരവധി പേർ. ഒരേ സമയം 2000ലേറെ പേരാണ് വിമാനത്തിന്റെ സഞ്ചാര പാത ട്രാക്ക് ചെയ്തത്.
രാവിലെ 10.16ന് 2188 പേരായിരുന്നു സഞ്ചാരപാതയും ലൊക്കേഷനും വീക്ഷിച്ചുകൊണ്ടിരുന്നത്. വ്യോമസേനയുടെ ഐഎഫ്‌സി 0564 നമ്പർ കാർഗോ വിമാനം രാവിലെ 6.20നാണ് കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. 10.30യോടെ വിമാനം നെടുമ്പാശേരിയിലെത്തി. ഏറെ വേദനയോടെയുള്ള നാടിന്റെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയായത്.
23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടേയും മറ്റ് സംസ്ഥാനങ്ങളിലെ 14 പേരുടേയും മൃതദേഹമാണ് വിമാനത്തിലെത്തിയത്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ 31 പേരുടേയും മൃതദേഹങ്ങളാണ് കൊച്ചിയിലിറക്കിയത്. ഇവരുടെ മൃതദേഹങ്ങളുമായി നോർക്കയുടെ ആംബുലൻസുകൾ അതാതിടങ്ങളിലേക്ക് പോവും. ബാക്കി മൃതദേഹങ്ങളുമായി വിമാനം ഡൽഹിയിലേക്ക് തിരിക്കും.
പത്തനംതിട്ട സ്വദേശികളായ സിബിൻ എബ്രഹാം, മുരളീധരൻ നായർ, ആകാശ് ശശിധരൻ നായർ, സാജു വർഗീസ്, തോമസ് ചിറയിൽ ഉമ്മൻ, കണ്ണൂർ സ്വദേശികളായ വിശ്വാസ് കൃഷ്ണൻ, നിതിൻ, അനീഷ് കുമാർ, കൊല്ലം സ്വദേശികളായ സുമേഷ് സുന്ദരൻ പിള്ള, ലൂക്കോസ്, സാജൻ ജോർജ്, ഷമീർ ഉമറുദ്ദീൻ, കോട്ടയം സ്വദേശികളായ ശ്രീഹരി പ്രദീപ്, സ്റ്റെഫിൻ എബ്രഹാം സാബു, ഷിബു വർഗീസ്, മലപ്പുറം സ്വദേശികളായ ബാഹുലേയൻ, നൂഹ്, തിരുവനന്തപുരം സ്വദേശികളായ ശ്രീജേഷ് തങ്കപ്പൻ നായർ, അരുൺ ബാബു, കാസർകോട് സ്വദേശികളായ രഞ്ജിത്, കേളു പൊൻമലേരി, ആലപ്പുഴ സ്വദേശിയായ മാത്യു തോമസ്, തൃശൂർ സ്വദേശിയായ ബിനോയ് തോമസ് എന്നിവരാണ് മരിച്ച മലയാളികൾ.
തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരച്ചാമി മാരിയപ്പൻ, കടലൂർ ജില്ലയിൽ നിന്നുള്ള കൃഷ്ണമൂർത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദൻ ശിവശങ്കർ, ട്രിച്ചി ജില്ലയിൽ നിന്നുള്ള രാജു എബമേശൻ, തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ഭുനാഫ് റിച്ചാർഡ്, രാമനാഥപുരം ജില്ലയിൽ നിന്നുള്ള കറുപ്പണ്ണൻ രാമു, വില്ലുപുരം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ.
കുവൈത്തിൽ ബുധനാഴ്ച നാലു മണിയോടെയുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. ഇന്ത്യക്കാരായ 45 പേരെ കൂടാതെ നാല് ഫിലിപ്പീനികളാണ് മരിച്ചത്. ഇവരിൽ 23 പേർ മലയാളികളും ഏഴ് പേർ തമിഴ്‌നാട് സ്വദേശികളും രണ്ട് വീതം ആന്ധ്രാപ്രദേശ്, ഒഡീഷ സ്വദേശികളും ബിഹാർ, മധ്യപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണുള്ളത്.
മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കേരളാ സർക്കാരും തമിഴ്നാട് സർക്കാരും അഞ്ച് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനമായിരുന്നു. ഇതു കൂടാതെ, വ്യവസായികളായ എം.എ യൂസഫലി അഞ്ച് ലക്ഷവും രവി പിള്ള രണ്ട് ലക്ഷവും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം പുലർച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളിയായ കെ.ജെ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചിരുന്നു. സാങ്കേതിക പരിശോധനയും അന്വേഷണവും പൂർത്തിയായതിന് പിന്നാലെയാണ് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജനറൽ ഫയർഫോഴ്‌സ് വിഭാഗം അറിയിച്ചത്.