Kerala
arrest
Kerala

ഡോക്ടർ ചമഞ്ഞ് അഞ്ചര ലക്ഷം തട്ടി; മാതാവും മകനും അറസ്റ്റിൽ

Web Desk
|
18 Aug 2024 1:05 AM GMT

ചികിത്സക്കാവശ്യമുള്ള 55 ലക്ഷം രൂപയുടെ 32 ശതമാനം ആരോഗ്യവകുപ്പിൽനിന്ന് വാങ്ങി നൽകാമെന്ന പേരിലായിരുന്നു തട്ടിപ്പ്

തൊടുപുഴ: ഡോക്ടർ ചമഞ്ഞ് ഇടുക്കി ഏലപ്പാറ സ്വദേശിയിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മാതാവിനെയും മകനെയും പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ കിടങ്ങൂർ സ്വദേശി ഉഷ, മകൻ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

ഏലപ്പാറ സ്വദേശി പ്രതീഷിൻ്റെ പരാതിയിലാണ് നടപടി. മകൻ്റെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലെത്തിയ പ്രതീഷിനെ ഡോക്ടറുടെ വേഷത്തിലെത്തിയ വിഷ്ണു സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി .

ചികിത്സക്കാവശ്യമുള്ള 55 ലക്ഷം രൂപയുടെ 32 ശതമാനം ആരോഗ്യവകുപ്പിൽനിന്ന് വാങ്ങി നൽകാമെന്ന പേരിലായിരുന്നു തട്ടിപ്പ്. പല തവണയായി വിഷ്ണുവും ഉഷയും അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു.

വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പ്രതീഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 11 പരാതികളാണ് ഇവർക്കെതിരെയുള്ളത്. നോർത്ത് പറവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻ്റിലായിരുന്ന ഇവർ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. പീരുമേട് സി.ഐ ഗോപിചന്ദിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Tags :
Similar Posts