ഞാനും മക്കളും പോവുകയാണെന്ന് പുലർച്ചെ മൂന്നിന് സഫ്‌വയുടെ വാട്‌സ്ആപ്പ് സന്ദേശം; രാവിലെ മക്കളുമൊത്ത് മരിച്ച നിലയിൽ
|കോട്ടക്കൽ നാംകുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മർസീഹ (നാല്), മറിയം (ഒന്ന്) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ യുവതിയേയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ദുരൂഹതയെന്ന് യുവതിയുടെ കുടുംബം. കോട്ടക്കൽ നാംകുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മർസീഹ (നാല്), മറിയം (ഒന്ന്) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. റാഷിദ് അലിയാണ് മൂവരും മരിച്ച വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്.
മാനസിക പീഡനത്തെ തുടർന്നാണ് സഫ്‌വ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. സമഗ്രമായ അന്വേഷണം വേണം. ഏറെ വൈകിയാണ് മരണ വിവരം അറിയിച്ചതെന്നും സഫ്‌വയുടെ പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു.
സഫ്‌വയുടെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചതാണെന്നാണ് വിവരം. ഇന്നലെ രാത്രി സഫ്‌വയും മക്കളും ഒരു മുറിയിലും റാഷിദ് മറ്റൊരു മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്.
പുലർച്ചെ മൂന്ന് മണിയോടെ ഞാനും മക്കളും പോവുകയാണെന്ന് സഫ്‌വ റാഷിദിന് വാട്‌സ്ആപ്പിൽ സന്ദേശം അയച്ചിരുന്നതായാണ് വിവരം. രാവിലെ എഴുന്നേറ്റപ്പോഴാണ് റാഷിദ് ഈ സന്ദേശം കണ്ടത്. മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോൾ മൂവരും മരിച്ച നിലയിലായിരുന്നു.
അഞ്ച് വർഷം മുമ്പായിരുന്നു റാഷിദിന്റെയും സഫ് വയുടെയും വിവാഹം. ഗൾഫിൽ ജോലി ചെയ്തിരുന്ന റാഷിദ് ആറു മാസം മുമ്പാണ് നാട്ടിലെത്തിയത്.