കൊച്ചിയില്‍ അമ്മയെ മകൻ വെട്ടിക്കൊന്നു
|മരട് സ്വദേശി അന്നാമ്മയാണ് കൊല്ലപ്പെട്ടത്
കൊച്ചി: എറണാകുളം മരടിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. മരട് സ്വദേശി അന്നാമ്മയാണ് കൊല്ലപ്പെട്ടത്. മകൻ വിനോദിനെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. തുരുത്തി ക്ഷേത്രത്തിന് സമീപമാണ് സംഭവം. അന്നാമ്മയും വിനോദും മാത്രമാണ് വീട്ടിൽ താമസം.
രാത്രി 7.30 ഓടെയാണ് സംഭവം. മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളെണെന്നാണ് പ്രാഥമിക വിവരം. 45 വയസുകാരനാണ്. അമ്മയും മകനും തമ്മിൽ ഇന്നലെ മുതൽ തർക്കമുണ്ടായിരുന്നു. ഇന്ന് രാവിലെയോടെ തർക്കം രൂക്ഷമായി. തുടർന്ന് അപ്പാർട്മെന്റിലുള്ള മറ്റു താമസക്കാർ പൊലീസിനെ നിരവധി തവണ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പല തവണ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ അകത്ത് കയറി മകനെ സ്റ്റേഷനിലേക്ക് മാറ്റാനോ മറ്റാനോ പൊലീസ് തയ്യാറായില്ല. പിന്നീട് പ്രദേശവാസികൾ സ്റ്റേഷനിൽ നേരിട്ടെത്തി രേഖാമൂലം പരാതി നൽകിയപ്പോഴാണ് പൊലീസ് വീണ്ടും സ്ഥലത്തെത്തിയത്. തുടർന്ന് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വാതിൽ അകത്തുനിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു.
തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്ന പൊലീസ് കണ്ടത് തലയ്ക്ക് വേട്ടേറ്റ് മരിച്ചുകിടക്കുന്ന നിലയിലായിരുന്നു അന്നാമ്മ. തുടർന്ന് വിനോദിനെ കീഴ്പ്പെടുത്താൻ ശ്രമിച്ച പൊലീസിനേയും പ്രതി വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. പിന്നീട് പ്രതിയെ കീഴ്പ്പെടുത്തി മാറ്റിയതിന് ശേഷമാണ് അന്നാമ്മയുടെ അടുത്തേക്ക് പോകാൻ പൊലീസിനായത്.