Kerala
ടൂറിസ്റ്റ് ബസുകളിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്; 18 ബസുകൾക്കെതിരെ കേസെടുത്തു
Kerala

ടൂറിസ്റ്റ് ബസുകളിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്; 18 ബസുകൾക്കെതിരെ കേസെടുത്തു

Web Desk
|
7 Oct 2022 12:59 AM GMT

നടപടി ഉണ്ടാകാൻ ഒരു അപകടം ഉണ്ടാകണമെന്ന ശൈലി ശരിവയ്ക്കുകയാണ് മോട്ടോർവാഹന വകുപ്പിന്റെ പരിശോധനകൾ.

കൊച്ചി: വടക്കഞ്ചേരി അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകളിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ നിയമലംഘനം കണ്ടെത്തിയ ബസുകളിൽ വിനോദ യാത്ര പോകാനുള്ള നീക്കം എംവിഡി തടഞ്ഞു. കോഴിക്കോട് നിയമം ലംഘിച്ച 18 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസെടുത്തു. നടപടി ഉണ്ടാകാൻ ഒരു അപകടം ഉണ്ടാകണമെന്ന ശൈലി ശരിവയ്ക്കുകയാണ് മോട്ടോർവാഹന വകുപ്പിന്റെ പരിശോധനകൾ. കോഴിക്കോട് 18 ടൂറിസ്റ്റ് ബസുകൾക്കെതിരെയാണ് ഒറ്റ ദിവസം കൊണ്ട് കേസെടുത്തത്. അനധികൃത രൂപമാറ്റം, നിരോധിത ഹോൺ, സ്പീഡ് ഗവേർണർ ഊരിയിട്ടതുൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

സ്പീഡ് ഗവേർണർ വിച്ഛേദിച്ച ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കും. എൻ്‌ഫോഴ്‌സ്‌മെന്റ് ആർടിഒ ബിജുമോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കോട്ടയത്ത് ഇന്നലെ വിനോദയാത്രയ്ക്ക് എത്തിച്ച അഞ്ച് ബസുകളെ വിലക്കി. വേഗപ്പൂട്ടുകൾ വിച്ഛേദിച്ചതിനും ബസിൽ എയർഹോണുകളും ലേസർ ലൈറ്റുകളും ഘടിപ്പിച്ചതിനുമാണ് നടപടി. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുകയും ബസുകൾ പരിശോധനക്ക് ഹാജരാകണമെന്ന് നിർദേശം നൽകുകയും ചെയ്തു. കൊല്ലം കൊട്ടാരക്കരയിൽ തലച്ചിറയിലെ സ്വകാര്യ പോളിടെക്നിക്ക് കോളജിൽ നിന്നും നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസിൽ വിനോദയാത്ര പോകാനുള്ള നീക്കം എംവിഡി തടഞ്ഞു.

ലണ്ടൻ എന്ന് പേരുള്ള ടൂറിസ്റ്റ് ബസാണ് നിയമലംഘനം നടത്തിയത്. ഈ ബസിലും സ്പീഡ് ഗവേർണർ ഘടിപ്പിച്ചിരുന്നില്ല. കൂടാതെ വാഹനത്തിൽ നിരോധിച്ചിട്ടുള്ള ലേസർ ലൈറ്റുകളൂം വലിയ ശബ്ദ സംവിധാനവും പുക പുറത്തു വിടുന്ന ഉപകരണങ്ങളും കണ്ടെത്തി എറണാകുളം പെരുമ്പടപ്പിൽ രൂപമാറ്റം വരുത്തിയതിനെ തുടർന്ന് രണ്ട് ടൂറിസ്റ്റ് ബസുകളിലുള്ള യാത്ര മട്ടാഞ്ചേരി ആർടിഒ വിലക്കി. സെന്റ് ജൂലിയാന സ്‌കൂളിലെ വിനോദയാത്രയാണ് റദ്ദാക്കിയത്. അങ്കമാലിയിൽ സെന്റ് പാട്രിക് സ്‌കൂളിൽ നിന്നും യാത്ര പുറപ്പെടാനിരുന്ന ബസുകൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇടപെട്ട് യാത്ര നിർത്തിവെച്ചു. വടക്കഞ്ചേരി അപകടത്തിൽ ഹൈക്കോടതി വരെ ഇടപെട്ടതിന് പിന്നാലെ ഉണർന്ന് പ്രവർത്തിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്.

Similar Posts