കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ
|പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
തൃശൂർ: തൃശൂർ തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ. തൃപ്രയാർ സബ് ആർടി ഓഫിസ് എംവിഐ സി.എസ്.ജോർജിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
പണം ഏജന്റ് മുഖേന നൽകണമെന്നായിരുന്നു ജോർജ് ആവശ്യപ്പെട്ടത്. ഇതോടെ പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഏജന്റ് അഷ്‌റഫിനെ പണം ഏൽപ്പിക്കാനാണ് എംവിഐ പരാതിക്കാരനോട് ആവശ്യപ്പെട്ടത്. തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് ഫിനോൾഫ്‌തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽനിന്നും അഷ്‌റഫ് സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടി. പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംവിഐ സിഎസ് ജോർജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതോടെ എംവിഐക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.