Kerala
idukki chinnakanal
Kerala

ചിന്നക്കനാലിൽ ഒന്നര ഹെക്ടർ പ്രദേശം റിസർവ് വനമാക്കി പ്രഖ്യാപിക്കാൻ വനം വകുപ്പിന്‍റെ നീക്കം

Web Desk
|
31 May 2024 1:42 AM GMT

ആനയിറങ്കൽ റിസർവ് എന്ന പേരിലാണ് പുതിയ വനമേഖല വരുന്നത്

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ ഒന്നര ഹെക്ടർ പ്രദേശം റിസർവ് വനമാക്കി പ്രഖ്യാപിക്കാൻ വനം വകുപ്പിന്‍റെ നീക്കം. ആനയിറങ്കൽ റിസർവ് എന്ന പേരിലാണ് പുതിയ വനമേഖല വരുന്നത്. അവസാന ഘട്ട നടപടികൾക്കായി വനം വകുപ്പ് ജില്ലാ കലക്ടർക്ക് നിർദേശം നല്കി. മാസങ്ങൾക്ക് മുൻപ് മുന്നൂറോളം ഹെക്ടർ ഭൂമി വനമായി പ്രഖ്യാപിച്ചതിനെതിരെ ജനരോഷം നിലനിൽക്കെയാണ് പുതിയ നടപടി.

2022 ൽ മൂന്നാർ-ബോഡിമെട്ട് ദേശീയ പാത വികസനത്തിനായി വിട്ടുനല്കിയ ഒന്നര ഹെക്ടർ ഭൂമി വിട്ടു നല്കിയിരുന്നു. ഇതിന് പകരമായി ലഭിച്ച റവന്യൂ ഭൂമിയാണ് സംരക്ഷിത വനമാക്കി മാറ്റാൻ നീക്കം നടക്കുന്നത്. ഇതിനായി കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപന പ്രകാരം ഫോറസ്റ്റ് സെറ്റിൽമെന്‍റ് ഓഫീസറായി ദേവികുളം സബ് കലക്ടറെ ചുമതലപ്പെടുത്തി. വനമേഖലയാണെന്ന് പ്രസിദ്ധപ്പെടുത്തേണ്ടതും നിർദിഷ്ട വനമേഖലയിൽ മാറ്റർക്കെങ്കിലും അവകാശമുണ്ടെങ്കിൽ ഇത് പരിഹരിക്കേണ്ടതും സബ് കളക്ടറുടെ ചുമതലയാണ്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനും മറ്റ് നടപടികൾ പൂർത്തിയാക്കാനുമാണ് കോട്ടയം സിസിഎഫ് ജില്ലാ കലക്ടർക്ക് നിർദേശം നല്കിയത്.

കഴിഞ്ഞ നവംബറിൽ 364 ഹെക്ടർ ഭൂമി സംരക്ഷിത വനമാക്കി പ്രഖ്യാപിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ജനങ്ങളുടെ എതിർപ്പുമൂലം ഇതിന്മേലുള്ള തുടർ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് വനം വകുപ്പിന്‍റെ പുതിയ നീക്കം.



Similar Posts