'ചിന്താ ജെറോമിനെ ആക്ഷേപിക്കുന്നവരേ നിങ്ങൾക്ക് എന്നാണിനി നേരം വെളുക്കുക'- ജോൺ ബ്രിട്ടാസ്
|സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെ പിന്തുണച്ച് എംപിയും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ്. ചട്ടം ലംഘിച്ച് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത തന്നെ തെളിവുകളോടെ മറുപടി പറഞ്ഞിട്ടും അവർക്കെതിരെ തുടരുന്ന അധിക്ഷേപം കടുത്തതാണെന്ന് ബ്രിട്ടാസ് പറഞ്ഞു.
'രാഷ്ട്രീയ വിയോജിപ്പുകൾക്ക് ഒരു സ്ത്രീയുടെ ജോലി,ശമ്പളം,വേഷവിധാനം,സുഹൃത്തുക്കൾ എന്നിങ്ങനെ സ്കാൻ ചെയ്യപ്പെടുന്ന വിഷയങ്ങൾ ഏറെയാണ്. മാന്യതയുടെ അതിരുകൾ കടന്ന അധിക്ഷേപങ്ങൾ തുടരുകയാണ്. പറയുന്നതും ചെയ്യുന്നതും തെറ്റാണ് എന്ന് ബോധ്യമുണ്ടായിട്ടും ഒരു കൂട്ടം യുവതലമുറ തന്നെ അതിനു നേതൃത്വം കൊടുക്കുന്നു എന്നത് സങ്കടകരവുമാണ്, ഈ ആക്രമണങ്ങൾ അഴിച്ചുവിടുന്നവർക്ക് എന്നാണ് ഇനി നേരം വെളുക്കുക' ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചിന്തയെക്കുറിച്ച് വന്ന ആരോപണങ്ങളെല്ലാം നുണയാണെന്ന തെളിവുകൾ പുറത്ത് വന്നു. ചട്ടം ലംഘിച്ച് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല എന്ന ചിന്തയുടെ തെളിവോടെയുള്ള മറുപടിയിൽ ഫുൾ സ്റ്റോപ്പിടേണ്ട വിഷയത്തിൽ നമ്മൾ കണ്ടത് വ്യക്തിഹത്യയുടേയും ലൈംഗിക അധിക്ഷേപത്തിന്റെയും നിലയ്ക്കാത്ത കമന്റുകളാണ്. രാഷ്ട്രീയ വിയോജിപ്പുകൾക്ക് ഒരു സ്ത്രീയുടെ ജോലി,ശമ്പളം,വേഷവിധാനം,സുഹൃത്തുക്കൾ എന്നിങ്ങനെ സ്കാൻ ചെയ്യപ്പെടുന്ന വിഷയങ്ങൾ ഏറെയാണ്. മാന്യതയുടെ അതിരുകൾ കടന്ന അധിക്ഷേപങ്ങൾ തുടരുകയാണ്. പറയുന്നതും ചെയ്യുന്നതും തെറ്റാണ് എന്ന് ബോധ്യമുണ്ടായിട്ടും ഒരു കൂട്ടം യുവതലമുറ തന്നെ അതിനു നേതൃത്വം കൊടുക്കുന്നു എന്നത് സങ്കടകരവുമാണ്. രാഷ്ട്രീയപ്രവർത്തകയായ എന്റെ സുഹൃത്ത് ചിന്തയെ സപ്പോർട് ചെയ്യുക എന്നത് രാഷ്ട്രീയ ഉത്തരവാദിത്വത്തിനുമപ്പുറം സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്.സാമൂഹ്യ മാധ്യമങ്ങളിൽ പടരുന്ന ചീഞ്ഞ അധിക്ഷേപങ്ങളെ സധൈര്യം നേരിടാൻ ചിന്തയ്ക്ക് കഴിയും. ചിന്തയുടെ രാഷ്ട്രീയപ്രസ്ഥാനവും സഹപ്രവർത്തകരും ജീവിത സാഹചര്യവും അതിനു ധൈര്യം പകരുക തന്നെ ചെയ്യും.പക്ഷെ ഈ ആക്രമണങ്ങൾ അഴിച്ചുവിടുന്നവർക്ക് എന്നാണ് ഇനി നേരം വെളുക്കുക ?
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. സമാനതകളില്ലാത്ത കടുത്ത ധന പ്രതിസന്ധിയിലൂടെ സർക്കാർ കടന്നു പോകുമ്പോൾ യൂത്ത് കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് വി.ഡി സതീശൻ ചോദിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയിലാണ് സർക്കാരിന്റെ അധാർമ്മികമായ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ചിന്താ ജെറോമിനെ പിന്തുണച്ച് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തെത്തി. കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നതെന്നും അതിൻ്റെ പേരിൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കെകെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.