എഡിജിപി പി.വിജയനെതിരായി എം.ആർ അജിത് കുമാർ നൽകിയ മൊഴിയിൽ അടിമുടി ദുരൂഹത
|വിജയന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് മുൻ എസ്.പി സുജിത് ദാസ് പറഞ്ഞെന്ന അജിത് കുമാറിന്‍റെ മൊഴി ആഭ്യന്തര വകുപ്പോ ഡിജിപിയോ മുഖവിലയ്ക്കെടുത്തിട്ടില്ല
തിരുവനന്തപുരം: എഡിജിപി പി.വിജയനെതിരായി എം.ആർ അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ മൊഴിയിൽ അടിമുടി ദുരൂഹത. വിജയന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് മുൻ എസ്.പി സുജിത് ദാസ് പറഞ്ഞെന്ന അജിത് കുമാറിന്‍റെ മൊഴി ആഭ്യന്തര വകുപ്പോ ഡിജിപിയോ മുഖവിലയ്ക്കെടുത്തിട്ടില്ല. വിജയനെതിരായി തന്‍റെ മൊഴിയിൽ ഒരു പരാമർശം പോലും സുജിത് ദാസും നടത്തിയിട്ടില്ല.
കരിപ്പൂർ വിമാനത്താവളം വഴി നടക്കുന്ന സ്വർണക്കടത്തിൽ മുൻപ് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഐ.ജിയായിരുന്ന പി വിജയനും ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് എഡിജിപി എം.ആർ അജിത് കുമാർ നൽകിയ മൊഴി. അന്ന് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായാണ് അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് സുജിത് ദാസ് മൊഴി നൽകിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. വിജയനെതിരായി ഒരു വാക്ക് പോലും ഡിജിപിക്ക് നൽകിയ മൊഴിയിൽ സുജിത് ദാസ് പറഞ്ഞിട്ടില്ല. ഡിജിപിയാവട്ടെ, സ്വർണക്കടത്ത് ആരോപണത്തിലെ കണ്ടെത്തലുകളിൽ വിജയനെതിരായ ആരോപണത്തെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടുമില്ല.
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് സർക്കാർ നീക്കിയത്. പകരം ആ സ്ഥാനത്ത് ഇന്റലിജൻസ് മേധാവിയായിരുന്ന മനോജ് എബ്രഹാം വന്നതോടെ ഇന്റലിജൻസ് മേധാവിയായി ഇപ്പോൾ എഡിജിപിയായ പി വിജയനെ നിയമിക്കുകയും ചെയ്തു. അജിത് കുമാറിന്‍റെ മൊഴി മുഖവിലയ്ക്കെടുത്തിരുന്നെങ്കിൽ വിജയനെ ഇന്‍റലിജൻസ് മേധാവി സ്ഥലത്തേക്ക് സർക്കാർ പരിഗണിക്കില്ലായിരുന്നു.
അജിത് കുമാർ വിജയനെതിരെ നൽകിയ മൊഴിയിൽ ഒരു കഴമ്പുമില്ലെന്നാണ് ഡിജിപിയുടെയും ആഭ്യന്തര വകുപ്പിന്‍റെയും വിലയിരുത്തലെന്നാണ് സൂചന. അജിത് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുൻപ് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ വിജയനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. ഇതിനിടെ അജിത് കുമാറിനെ ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് ആഭ്യന്തര വകുപ്പ് നീക്കുകയും ചെയ്തു. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ. അജിത് കുമാറിനെതിരായ നടപടി ആദ്യത്തെ സ്ഥാനമാറ്റം കൊണ്ട് അവസാനിക്കുന്നില്ലെന്ന സൂചന കൂടിയാണിത്.