'മിസ്റ്റർ ഡയറക്ടർ, എൻ.ഐ.ടി ആർ.എസ്.എസിന്‍റെ ശാഖയല്ല'; ദലിത് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതിനെതിരെ ഫ്രറ്റേണിറ്റി
|രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട് എൻ.ഐ.ടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിയെ ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്
കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട് എൻ.ഐ.ടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട് എൻ.ഐ.ടിയിൽ എസ്.എൻ.എസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് സംഘ്പരിവാർ അനുകൂല പ്രചാരണം സംഘടിപ്പിച്ചത്. ഇവർ പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.
ഇതിനെതിരെ ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തെത്തിയത് ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻസ് നാലാം വർഷ വിദ്യാർഥിയായിരുന്നു. 'ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ്' എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ കൂടുതൽ വിദ്യാർഥികൾ സംഘ്പരിവാർ വിരുദ്ധ നിലപാടുമായി രംഗത്തെത്തുകയും കാമ്പസിൽ സംഘർഷാവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു.
ഇതിനെല്ലാം കാരണം ഒറ്റയാൾ പ്രതിഷേധം നടത്തിയ ദലിത് വിദ്യാർഥിയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കുള്ള സസ്‌പെൻഷൻ അപൂർവ നടപടിയാണെന്നും കോളജിൽ സംഘ്പരിവാർ അനുകൂല പരിപാടി നടത്തിയ വിദ്യാർഥികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല. തനിക്കെതിരായ നടപടി ചോദ്യം ചെയ്ത് കോളജിലെ മറ്റു ഉയർന്ന സമിതികളെ സമീപിക്കുമെന്നും വിദ്യാർഥി പറഞ്ഞു.