Kerala
msf against ksu calicut university election

എം.എസ്.എഫ്-കെ.എസ്.യു

Kerala

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു കാലുവാരിയെന്ന് എം.എസ്.എഫ്

Web Desk
|
16 March 2023 10:03 AM GMT

തെരഞ്ഞെടുപ്പ് നടന്ന 10 സ്ഥാനങ്ങളിൽ ഒമ്പതും എസ്.എഫ്.ഐ ആണ് നേടിയത്. മലപ്പുറം ജില്ലാ പ്രതിനിധി സ്ഥാനം മാത്രമാണ് യു.ഡി.എസ്.എഫിന് വിജയിക്കാനായത്.

മലപ്പുറം: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു കാലിവാരിയെന്ന പരോക്ഷ വിമർശനവുമായി എം.എസ്.എഫ്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 10 സ്ഥാനങ്ങളിൽ ഒമ്പതും എസ്.എഫ്.ഐ ആണ് നേടിയത്. ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജില്ലാ പ്രതിനിധികൾ തുടങ്ങിയ സ്ഥാനങ്ങളെല്ലാം എസ്.എഫ്.ഐ നേടി. മലപ്പുറം ജില്ലാ പ്രതിനിധി സ്ഥാനം മാത്രമാണ് യു.ഡി.എസ്.എഫിന് കിട്ടിയത്.

ഇതിന് പിന്നാലെയാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷർ പെരുമുക്ക് തുടങ്ങിയവർ വോട്ട് ചോർച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്. മുന്നിൽനിന്നും പിന്നിൽനിന്നും നേരിടേണ്ടിവന്ന വാരിക്കുഴികൾ സൃഷ്ടാവിന്റെ കരങ്ങളിലാണ് ഏൽപ്പിക്കുന്നതെന്ന് പി.കെ നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യു.യു.സിമാർക്ക് നേരെ ഭീഷണി മുഴക്കിയും അവരുടെ ഐ.ഡി കാർഡ് തട്ടിയെടുത്തും അധികാരികളെവെച്ച് വോട്ടവകാശം നിഷേധിച്ചുമാണ് എസ്.എഫ്.ഐ വിജയിച്ചതെന്നും നവാസ് ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനായി എത്രയോ നാളുകളായി പ്രവർത്തിച്ചിരുന്ന എന്റെ സഹപ്രവർത്തകരുടെ പോരാട്ട വീര്യത്തെ അഭിവാദ്യം ചെയ്യുന്നു. പ്രിയരേ ഈ വിജയം നമുക്ക് വിധിച്ചില്ല...ജനാധിപത്യ വിരുദ്ധമായ അധികാര ധിക്കാരങ്ങളെ നേരിട്ട്, നീതിക്കായി കോടതി വരാന്തകളിൽ കയറി, എസ്.എഫ്‌.ഐ ആക്രമണങ്ങളെ നേരിടേണ്ടി വന്ന്, ഭീഷണികളെ അതിജീവിച്ച് നമ്മൾ നടത്തിയ പോരാട്ടം അർത്ഥമില്ലാതാകുന്നില്ല.

ധീരനായ ഹബീബിന്റെ സഹോദരങ്ങൾക്ക് ഈ രാഷ്ട്രീയ പരാജയത്തെ എങ്ങനെ ഉൾകൊള്ളണമെന്ന് വിവരിക്കേണ്ടതില്ല. മുന്നിൽ നിന്നും പിന്നിൽ നിന്നും നേരിടേണ്ടി വന്ന വാരിക്കുഴികൾ സൃഷ്ടാവിന്റെ കരങ്ങളിലാണ് ഏൽപ്പിക്കുന്നത്. ഈ തെരെഞ്ഞെടുപ്പ് പരാജയത്തെ എം.എസ്.എഫ് അംഗീകരിക്കുന്നു.

യു.യു.സിമാർക്ക് നേരെ ഭീഷണി മുഴക്കിയും അവരുടെ ഐ.ഡി കാർഡ് തട്ടിയെടുത്തും അധികാരികളെ വെച്ച് വോട്ടവകാശം നിഷേധിച്ചും എസ്.എഫ്.ഐ നേടിയ ഈ വിജയം ഒരു രാഷ്ട്രീയ വിജയമോ, ജനാധിപത്യ വിജയമോ ആയി എസ്.എഫ്.ഐ പോലും പരിഗണിക്കുമെന്ന് കരുതുന്നില്ല.

മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുത്ത ഹരിത ജില്ലാ ജനറൽ സെക്രട്ടറി സിഫ്‌വാക്ക്‌ അഭിവാദ്യങ്ങൾ...ഈ കാലം മനോഹരമായതെന്തോ നമുക്ക് വേണ്ടി മാറ്റി വെച്ചിട്ടുണ്ട്‌. ചെറുതെങ്കിലും നിന്റെ ഉണ്മയിൽ അഭിമാനിക്കുക എന്ന ഇഖ്ബാലിന്റെ വരികൾ ഓർമ്മിപ്പിച്ചു പറയട്ടെ. ഈ പോരാട്ടം തന്നെ ഒരു വിജയമാണ്. അധികാര തണലില്ലാതെ നമ്മൾ നടത്തിയ ഈ പോരാട്ടം കാലത്തിന്റെ ചുമരുകളിൽ മായില്ല.

ആന മെലിഞ്ഞ് തൊഴിത്തിനും പുറത്ത് നിർത്തിക്കേണ്ട ഗതികേടിൽ എത്തിയപ്പോൾ കൈ പിടിച്ച് കരകയറ്റുമ്പോഴും സ്വയം ഒന്ന് നന്നായി മേലനങ്ങി പണിയെടുക്കാൻ മടിച്ച് ഒടുവിൽ പണിയുംവെച്ച് സംഘടനാശേഷി കാലക്രമേണ കളഞ്ഞുകുളിച്ചവരൊക്കെയാണ് യഥാർഥ പരാജിതരെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇങ്ങനെ വിജയിച്ചിട്ട് നിങ്ങൾക്ക് എന്തു നേടാനാണ് എസ് എഫ് ഐക്കാര, ഈ ഗപ്പ് ഏത് അരമനയിൽ കൊണ്ടുപോയി വെക്കാനാണ്. യു.യു.സിമാർക്ക് നേരെ ഭീഷണി മുഴക്കിയും അവരുടെ ഐ.ഡി കാർഡ് തട്ടിയെടുത്തും അധികാരികളെ വെച്ച് വോട്ടവകാശം നിഷേധിച്ചും എസ്.എഫ്.ഐ നേടിയ ഈ വിജയം പോലൊരു രാഷ്ട്രീയ അശ്ലീലം മറ്റൊന്നില്ല

എന്നാ കേട്ടോ ! ഞങ്ങളുടെ പെട്ടിയിൽ വീണ ഒരു ബാലറ്റിലും വെറുപ്പിന്റെയോ ചതിയുടെയോ ഭീതിയുടെയോ ഒരു തരിമ്പ് ഇല്ല. ഒരു വർഗീയവാദിയുടെയും വോട്ടുമില്ല. ഇടതടവില്ലാതെ ഈ അധ്യയനവർഷാരംഭത്തിൽ തുടങ്ങിയ പോരാട്ടത്തിന് സമാനതകളില്ല. പ്രിയപ്പെട്ട സഹപ്രവർത്തകരെ, നമ്മളല്ല പരാജയപ്പെട്ടത്, ഫാസിസവും ജനാധിപത്യ വിരുദ്ധ നടപടിയും നടത്തി അധികാരം പിടിക്കാൻ ഓടിയവർ, ആന മെലിഞ്ഞ് തൊഴുത്തിനും പുറത്ത് നിർത്തിക്കേണ്ട ഗതികേടിൽ എത്തിയപ്പോൾ കൈ പിടിച്ച് കരകയറ്റുമ്പഴും, സ്വയം ഒന്നു നന്നായി മേലനങ്ങി പണിയെടുക്കാൻ മടിച്ച് ഒടുവിൽ പണിയും വെച്ച് സംഘടനാശേഷി കാലക്രമേണ കളഞ്ഞു കുളിച്ചവർ, ഇവരൊക്കെയാണ് യഥാർത്ഥ പരാജിതർ. തെറ്റ് തിരുത്തി നയപരമായി വേണ്ട ശുദ്ധീകരണങ്ങൾ നടത്തിയാൽ നന്ന്.

സംഘടനയുടെ ആഹ്വാനം ഏറ്റെടുത്ത് ജനാധിപത്യത്തിന്റെ സകല മര്യാദകളും പാലിച്ച് അണുമുറിയാതെ പാർട്ടിക്കുവേണ്ടി ചൂണ്ടുന്ന ഇടത്ത് കുത്തി ഞങ്ങൾക്ക് വാക്കാണ് വലുതെന്ന് പ്രഖ്യാപിച്ച സഹപ്രവർത്തകരെ നമ്മൾ തന്നെയാണ് വിജയിച്ചത്. എംഎസ്എഫ് ന്റെ സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ മാർജിനിൽ ആണ് നാം നിൽക്കുന്നത്. അതൊരാളും സ്വർണ്ണത്തളികയിൽ വെച്ച് തന്നതുമല്ല. ക്യാമ്പസിൽ എംഎസ്എഫ് ആണ് ശരി എന്ന് പറഞ്ഞു വിദ്യാർത്ഥികൾ നമ്മളെ ഏറ്റെടുത്തതാണ്. അവരോടുള്ള കടമകൾ നിർവഹിക്കാൻ ആവട്ടെ ഇനിയുള്ള ദിനങ്ങൾ . ഞങ്ങൾ ഇനിയും വരും. ഇതേ ഹരിത പതാക ഉയർത്തിക്കെട്ടി, ആ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പടി ഞങ്ങൾ അഭിമാനത്തോടുകൂടി തന്നെ കയറും. പോരാട്ടം തുടരും.

പൊതുശത്രുവിനെ നേരിടാൻ നമ്മൾ പ്രപ്തരാണ്. പക്ഷേ, പാളയത്തിലെ പട മനസ്സിലാക്കാൻ കഴിയുക എന്നത് വലിയ ഉത്തരവാദിത്തമായി മാറിയിരിക്കുന്നുവെന്ന് സംസ്ഥാന ട്രഷറർ അഷർ പെരുമുക്ക് പറഞ്ഞു. മനോഹരമായ നീലാകാശത്തെ മറയ്ക്കുന്നത് വെളുത്ത മേഘങ്ങളാണ്. മുന്നിൽനിന്ന് കുത്തുന്നത് അഭിമാനത്തോടെ ഏൽക്കും. പിന്നിൽനിന്നുള്ള കുലംകുത്തികൾക്ക് കാലം മാപ്പ് തരില്ലെന്നും അഷർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൻ്റെ പ്രവർത്തനങ്ങൾക്കും,യൂണിവേഴ്സിറ്റിയുടെ ജനാധിപത്യ വിരുദ്ധതക്ക് എതിരായുള്ള പോരാട്ടങ്ങളിൽ സന്ധിയില്ലാതെ പിന്തുണ നൽകിയ യു.യു.സി മാർക്കും, സഹ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ...

എസ്.എഫ്.ഐയുടെ അനീതികൾകൾക്കും, അക്രമ രാഷ്ട്രീയത്തിനെതിരെ നമ്മൾക്ക് ഇത് ഒരു പോരാട്ടമായിരുന്നല്ലോ...തോൽവിയെ ഉൾക്കൊള്ളുക എന്നുള്ളതും ജനാധിപത്യമാണ്. പൊതു ശത്രുവിനെ നേരിടാൻ നമ്മൾ പ്രാപ്തരാണ്. പാളയത്തിലെ പടയെ മനസ്സിലാക്കാൻ കഴിയുക എന്നത് വലിയ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. മനോഹരമായ നീലാകാശത്തെ മറക്കുന്നത് വെളുത്ത മേഘങ്ങൾ ആണല്ലോ, മുന്നിൽ നിന്ന് കുത്തുന്നത് അഭിമാനത്തോടെ ഏൽക്കും.. പിന്നിൽ നിന്നുള്ള കുലം കുത്തികൾക്ക് കാലം മാപ്പ് തരില്ല.. തീർച്ച. ഹബീബിൻ്റെ ആശയ, ആദർശ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ച് സന്ധിയില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി നമ്മൾ ഇനിയും മുന്നോട്ടു തന്നെ...

മുന്നണിയിലെ വോട്ട് ചോർച്ചക്കെതിരെ ശക്തമായ നിലപാടെടുക്കാനാണ് എം.എസ്.എഫ് തീരുമാനം. തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ എം.എസ്.എഫ് നാളെ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിച്ചിട്ടുണ്ട്.

Similar Posts