'പണ്ട് നെഹ്റുവിനോട് പറഞ്ഞത് തന്നെയാ പറയാനുള്ളത്'; ഇടുക്കി ഡി.സി.സി പ്രസിഡന്റിന് മറുപടിയുമായി എം.എസ്.എഫ് നേതാവ്
|തൊടുപുഴ നഗരസഭയിൽ അധികാരത്തർക്കത്തെ തുടർന്ന് ലീഗ് പിന്തുണയോടെ സി.പി.എം പ്രതിനിധി ചെയർമാൻ ആയിരുന്നു.
കൊച്ചി: തൊടുപുഴ നഗരസഭയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട് ലീഗ്-കോൺഗ്രസ് വാക്പോര് മുറുകുന്നു. ലീഗിനെ വിമർശിച്ച ഡി.സി.സി പ്രസിഡന്റ് സി.പി മാത്യൂവിന് മറുപടിയുമായി എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. സജൽ രംഗത്തെത്തി. ലീഗില്ലാതെ തൊടുപുഴ മുനിസിപ്പാലിറ്റി ഭരിക്കുമെന്നാണ് ഡി.സി.സി പ്രസിഡന്റ് പറയുന്നത്. ഭരിക്കാൻ പോയിട്ട് പ്രതിപക്ഷത്തിരിക്കാനെങ്കിലും കഴിയുമെങ്കിൽ ചെയ്തു കാണിക്കണമെന്നും സജൽ വെല്ലുവിളിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇടുക്കി ഡിസിസി പ്രസിഡന്റിനോട്.
ലീഗിന് ഉത്തര കേരളo, ദക്ഷിണ കേരളo എന്നൊന്നുമില്ല. കേരളം അത്ര തന്നെ. അതു കൊണ്ട് തന്നെയാണ് കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ ലീഗിന് ഇരുപത് സ്ഥാനാർത്ഥികൾ ഉണ്ടെന്ന് ബഹുമാനപ്പെട്ട സാദിഖലി ഷിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. ഇന്നത്തെ പത്ര സമ്മേളനത്തിൽ താങ്കൾ പറഞ്ഞത് കോൺഗ്രസിന് ഇടുക്കി ജില്ലയിൽ എം എൽ എ മാർ ഇല്ലാ എന്നാണ്. അയിന് ലീഗ് എന്തു പിഴച്ചു. അതുണ്ടാക്കാൻ വേണ്ടിയാണ് അങ്ങയെ ഡി.സി.സി അധ്യക്ഷനാക്കിയത്.
പിന്നെ ലീഗില്ലാതെ ഒറ്റക്ക് തൊടുപുഴ മുൻസിപ്പാലിറ്റി 2025 ൽ ഭരിക്കും എന്ന വെലുവിളി ഇഷ്ടായി.ഭരിക്കാൻ പോയിട്ട് പ്രതിപക്ഷത്തിരിക്കാൻ ലീഗില്ലാതെ കഴിയുമെങ്കിൽ ചെയ്ത് കാണിക്കു. മുൻസിപ്പാലിറ്റിയിൽ ബി.ജെ.പി അംഗത്തിന്റെ വോട്ട് വാങ്ങി ഭരണത്തിലേറാൻ നടത്തിയ അടുക്കള ചർച്ചകൾ ഇന്നലെ അറിയാതയാണെങ്കിലും മുൻ ഡി സി സി പ്രസിഡന്റ പറഞ്ഞിട്ടുണ്ട്. തത്ക്കാലം ലീഗ് ആ പണിക്കില്ല.
കോൺഗ്രസ്കാർക്ക് മാത്രമല്ല ചോരയും നീരുമുള്ളത്. ലീഗ്കാരന്റെ ചോരയുടെയും വിയർപ്പിന്റെയും ഫലത്തിലാണ് ഇടുക്കിയുടെ എം പിക്ക് ഡൽഹിക്ക് ടിക്കറ്റ് കിട്ടിയത്. മുന്നണി ബന്ധത്താൽ സ്വന്തം ആത്മാഭിമാനവും, ആദർശവും പണയം വെക്കാൻ ഞങ്ങളിടുന്നത് വടിവൊത്ത വെള്ള ഖദറല്ല. കാലുവാരിയും, കുതികാല് വെട്ടിയും, വോട്ട് മാറ്റിക്കുത്തിയും, ലീഗ് സ്ഥാനാർത്ഥി മത്സരിക്കുന്ന വാർഡിൽ വിമതനെ നിർത്തിയും തെക്കൻ കേരളത്തിൽ ഒരുപാടങ്ങ് തടിച്ചു കൊഴുത്തില്ലേ, ഇനി മതി..
തെളിവുകൾക്കായി ഉത്തര കേരളത്തിലേക്കൊന്നും പോകണ്ട, ദാണ്ടേ, മുവാറ്റുപുഴയിലെ പായിപ്ര പഞ്ചായത്തിലെക്കൊന്ന് നോക്കിയാ മതി. കോൺഗ്രസ് ബ്ലോക്ക് ഭാരാവാഹി സി.പി.എം വോട്ട് വാങ്ങി ലീഗിന് അർഹതപ്പെട്ട പ്രസിഡന്റ് കസേരയിൽ ഇരിപ്പുണ്ട്. പിന്നെ പണ്ട് നെഹ്റുവിനോട് പറഞ്ഞത് തന്നെയാ പറയാനുള്ളത്. ഭീഷണി ഒന്നും വേണ്ട മാമച്ചാ...