നവകേരള സദസിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയും: എം.എസ്.എഫ്
|ഒരു സ്‌കൂളിൽനിന്ന് 200 കുട്ടികളെയെങ്കിലും നവകേരള സദസിന് എത്തിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
കോഴിക്കോട്: നവകേരള സദസിലേക്ക് സ്‌കൂൾ വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് എം.എസ്.എഫ്. വിദ്യാർഥികളെ കൊണ്ടുപോകുന്ന സ്‌കൂൾ അധികൃതരെ തടയാൻ മണ്ഡലം ഭാരവാഹികൾക്ക് എം.എസ്.എഫ് നിർദേശം നൽകി. നവകേരള സദസിലേക്ക് സ്‌കൂൾ കുട്ടികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം.
സി.പി.എമ്മുകാരുടെ പാർട്ടി പരിപാടി വിജയിപ്പിക്കാനല്ല വിദ്യാർഥികൾ സ്‌കൂളിലും കോളജിലും പോകുന്നത്. പരാജയപ്പെട്ട നവകേരള സദസ് വിദ്യാർഥികളെ വച്ച് വിജയിപ്പിക്കാനാണ് ശ്രമമെങ്കിൽ അനുവദിക്കില്ലെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു.
ഒരു സ്‌കൂളിൽനിന്ന് 200 കുട്ടികളെയെങ്കിലും നവകേരള സദസിന് എത്തിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചുചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. സ്‌കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ട്.
നവകേരള സദസിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മൻചാണ്ടി അടക്കമുള്ളവർ ജനസമ്പർക്ക പരിപാടി നടത്തിയിരുന്നു. അന്നൊന്നും നിർബന്ധിച്ച് ആളുകളെ പങ്കെടുപ്പിച്ചിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.