‘ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു’ എം ടി ഉദ്ദേശിച്ചത് ആത്മവിമർശനത്തിന് വഴിയൊരുക്കലെന്ന് എൻ.ഇ സുധീർ
|മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത ചടങ്ങിൽ എം.ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ചർച്ചയായിരുന്നു
കോഴിക്കോട്: വിമർശിക്കുകയായിരുന്നില്ല ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി അതാണ് പറഞ്ഞതെന്ന് എം.ടി വാസുദേവൻ നായർ വിശദീകരിച്ചതായി എഴുത്തുകാരൻ എൻ.ഇ.സുധീർ. മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത ചടങ്ങിൽ എം.ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗം ചർച്ചയായതിന് പിന്നാലെയാണ് എം.ടിയുടെ വിശദീകരണവുമായി സാഹിത്യകാരൻ എൻ.ഇ സുധീർ രംഗത്തെത്തിയത്.
എൻ.ഇ സുധീർ ഫേസ്ബുക്ക് പോസ്റ്റിലാണ് എം.ടിയുടെ വിശദീകരണം നൽകിയിരിക്കുന്നത്.
‘ഞാൻ വിമർശിക്കുകയായിരുന്നില്ല.ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി.പറഞ്ഞു.അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്’ പ്രസംഗം വിവാദമായതിന് പിന്നാലെ എം.ടിയോട് അതിനെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയിതാണെന്ന് സുധീർ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ കെ.എൽ.എഫ് ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നതായും സുധീർ പറയുന്നു.
അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്നായിരുന്നു എം.ടി വാസുദേവൻ നായർ കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രസംഗിച്ചത്. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി. ജനാവലി ആൾക്കൂട്ടം ആയി മാറുന്നു.ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരും ആക്കുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഇ.എം.എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്തം ഉള്ളവരാക്കി. അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം പൂർത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല. അതാണ് ഇ.എം.എസിനെ മഹാനായ നേതാവ് ആക്കിയത്. നേതാവ് നിമിത്തമല്ല, കാലഘട്ടത്തിൻ്റെ ആവശ്യം ആണെന്ന് അധികാരത്തിൽ ഉളളവർ തിരിച്ചറിയണമെന്നും എം.ടി പറഞ്ഞു.
എൻ.ഇ സുധീറിന്റെ പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ KLF ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.
എംടി എന്നോട് പറഞ്ഞത് ഇതാണ്.
" ഞാൻ വിമർശിക്കുകയായിരുന്നില്ല . ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. "
തന്റെ കാലത്തെ രാഷ്ട്രീയയാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു
എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു.
ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.