Kerala
എടിഎമ്മുകളിൽ പ്ലാസ്റ്റിക് കഷ്ണം സ്ഥാപിച്ച് കവർച്ച; പണം തട്ടിയത് 140 തവണ
Kerala

എടിഎമ്മുകളിൽ പ്ലാസ്റ്റിക് കഷ്ണം സ്ഥാപിച്ച് കവർച്ച; പണം തട്ടിയത് 140 തവണ

Web Desk
|
27 Aug 2022 2:16 AM GMT

11 എടിഎമ്മുകളിൽ നിന്നായി 140 തവണ പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധരൻ പറഞ്ഞു. തട്ടിയെടുത്ത തുക എത്രയെന്നു കണ്ടെത്താൻ ബാങ്കുകളുമായി സഹകരിച്ചു പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരി: എടിഎമ്മുകളിൽനിന്ന് പണം തട്ടിയ പ്രതി മോഷണത്തിന് ഉപയോഗിച്ചത് പുതിയ രീതി. എടിഎമ്മിൽനിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്‌കെയിലിനു സമാനമായ കട്ടിയുള്ള പ്ലാസ്റ്റിക് കഷ്ണം സ്ഥാപിച്ചാണ് യു.പി സ്വദേശിയായ മുബാറക് അലി അൻസാരി (40) പണം തട്ടിയത്. സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസമാണ് മുബാറക്ക് അലി അറസ്റ്റിലായത്.

11 എടിഎമ്മുകളിൽ നിന്നായി 140 തവണ പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധരൻ പറഞ്ഞു. തട്ടിയെടുത്ത തുക എത്രയെന്നു കണ്ടെത്താൻ ബാങ്കുകളുമായി സഹകരിച്ചു പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ മുബാറക്ക് മോഷണം നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

എടിഎമ്മിനുള്ളിൽ കയറി, പണം വരുന്ന ഭാഗത്ത് സ്‌കെയിൽ വലുപ്പത്തിൽ ഫൈബർകൊണ്ടുള്ള വസ്തു ഘടിപ്പിച്ച ശേഷം പുറത്തിറങ്ങി എടിഎമ്മിലേക്ക് വരുന്ന ഇടപാടുകാരെ നിരീക്ഷിക്കും. പണമെടുക്കാൻ കഴിയാതെ ഇടപാടുകാർ മടങ്ങുമ്പോൾ, ഈ തക്കം നോക്കി അകത്ത് കടന്ന് ഘടിപ്പിച്ച വസ്തു ഇളക്കി മാറ്റി പണം കൈക്കലാക്കി മുങ്ങുന്നതാണ് മുബാറക്കിന്റെ രീതി.

സാധാരണനിലയിൽ എടിഎം പ്രവർത്തനക്ഷമമല്ലെങ്കിൽ നോട്ടുകൾ പുറത്തേക്കു വരാതെ മെഷീനിന്റെ ഉള്ളിലുള്ള പ്രത്യേക ഭാഗത്ത് നിക്ഷേപിക്കപ്പെടുകയാണ് പതിവ്. എന്നാൽ മുബാറക്ക് സ്ഥാപിക്കുന്ന പ്ലാസ്റ്റിക് കഷ്ണം ഉള്ളിലുള്ളപ്പോൾ നോട്ടുകൾ അതിന് മുകളിൽ തങ്ങിനിൽക്കുന്നതിനാൽ പ്ലാസ്റ്റിക് പുറത്തേക്കു വലിക്കുമ്പോൾ നോട്ടുകളും അതിനൊപ്പം പുറത്തേക്കുവരും. ഇത്തരം മോഷണരീതികൾ പരിചയപ്പെടുത്തുന്ന വീഡിയോകൾ കണ്ടുപഠിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.

Similar Posts