നിവര്‍ന്നു നില്‍ക്കാനൊരു നട്ടെല്ലും ഉയര്‍ത്തിപ്പിടിക്കാനൊരു തലയും ബാക്കിയുണ്ട്: മുഫീദ തസ്‌നി
|തഹ് ലിയക്കെതിരെയുള്ളത് പ്രതികാര നടപടിയാണെന്ന് സംശയിക്കുന്നതായി ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ പറഞ്ഞു.
ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയക്കെതിരെ ലീഗ് നേതൃത്വം നടപടിയെടുത്തതിന് പിന്നാലെ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് മുഫീദ തസ്‌നി. ബാക്കിയുണ്ട് നിവര്‍ന്നു നില്‍ക്കാനൊരു നട്ടെല്ലും ഉയത്തിപ്പിടിക്കാനൊരു തലയും. അതിലുപരി തീക്ഷണമായ ആത്മാഭിമാന ബോധവും-മുഫീദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തഹ് ലിയക്കെതിരെയുള്ളത് പ്രതികാര നടപടിയാണെന്ന് സംശയിക്കുന്നതായി ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ പറഞ്ഞു. ഫാത്തിമ തഹ്ലിയയ്ക്കെതിരെയുള്ള നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് പ്രതികാര നടപടിയാണോയെന്ന് സംശയിക്കുന്നു. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്നാണ് പാര്‍ട്ടി പറയുന്നത്. അതെന്താണെന്ന് വ്യക്തമാക്കണം. ഞങ്ങള്‍ക്കൊപ്പം നിന്നുവെന്നത് ഇത്ര വലിയ കുറ്റമാണോ?-നജ്മ ചോദിച്ചു.
അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ചാണ് ഫാത്തിമ തഹ് ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് തഹ്‌ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഹരിതയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകളില്ലാതെയുമാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്‌ലിയ പ്രതികരിക്കുകയും ചെയ്തിരുന്നു.