'മുഹമ്മദ് റിയാസ് മലബാര്‍ മന്ത്രി'; സി.പി.എം ഇടുക്കി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
|കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പിനെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്
ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. മലബാര്‍ മന്ത്രിയെന്ന വിശേഷണമാണ് സമ്മേളന പ്രതിനിധികള്‍ മുഹമ്മദ് റിയാസിനെതിരെ ഉന്നയിച്ചത്. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമാണ് നൽകുന്നതെന്നും ഇടുക്കി ജില്ലക്ക് സമ്പൂർണ്ണ അവഗണനയാണെന്നും പ്രതിനിധികൾ പറഞ്ഞു. വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പിനെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. പൊലീസില്‍ നിന്നും വലിയ വീഴ്ച്ചകളുണ്ടായി. ഇത്തരം വീഴ്ച്ചകള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. പൊലീസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും വകുപ്പിന് സ്വന്തമായി ഒരു മന്ത്രിയെ വേണമെന്നും സമ്മേളനം വിലയിരുത്തി. പൊലീസിന് വീഴ്ച പറ്റിയതായും മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മേളനത്തിൽ മറുപടി നല്‍കി.
അതെ സമയം സി.പി.എം.ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.