Kerala
സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസിന് മുന്നില്‍ ഹാജരായ മുഹമ്മദ് ഷാഫിയെ മടക്കി അയച്ചു
Kerala

സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസിന് മുന്നില്‍ ഹാജരായ മുഹമ്മദ് ഷാഫിയെ മടക്കി അയച്ചു

Web Desk
|
8 July 2021 5:54 AM GMT

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ഷാഫി ഹാജരായിരുന്നില്ല

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായ ടി.പി വധക്കേസ് പ്രതി മുഹമ്മദ്‌ ഷാഫിയെ കസ്റ്റംസ് മടക്കി അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ഷാഫി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നം മൂലം ഹാജരാകാനാകില്ലെന്നായിരുന്നു ഷാഫി കസ്റ്റംസിന് നൽകിയ വിശദീകരണം.

മുഹമ്മദ്‌ ഷെഫീഖിന്‍റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുക. സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഷാഫിയും കൊടി സുനിയുമാണെന്ന് അർജുൻ ആയങ്കി തന്നോട് പറഞ്ഞെന്നായിരുന്നു ഷെഫീഖിന്റെ മൊഴി. അർജുനുമായുള്ള ഷാഫിയുടെ ബന്ധവും കസ്റ്റംസ് ചോദിച്ചറിയും.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ പരോളിൽ കഴിയുകയാണ് ഷാഫി. സ്വർണക്കടത്ത്, കവർച്ച സംഘങ്ങൾക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. അതേസമയം, അർജുന്‍ ആയങ്കിയുടെ ആദ്യ റിമാന്‍റ് കാലാവധി ഈ മാസം 13 ന് അവസാനിക്കും. ഇതിനു മുൻപ് ഒരിക്കൽക്കൂടി അർജുനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാൻ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.

Similar Posts