എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാര്‍ വേണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹം: മുജാഹിദ് സമ്മേളനം
|''അസമത്വവും നീതിനിഷേധവും രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും. രാജ്യത്ത് സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ അസമത്വം വര്‍ധിച്ചുവരികയാണ്. ഭരണഘടന ലക്ഷ്യംവെക്കുന്ന വിഭവങ്ങളുടെ നീതിപൂര്‍വകമായ വിഭജനം സാധ്യമാക്കണം.''
മലപ്പുറം: എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരുകളെയാണ് ലോകത്തിന് ആവശ്യമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനം. യു.എ.ഇയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയാല്‍ രാജ്യം നിലവിലെ അരക്ഷിതാവസ്ഥയില്‍നിന്ന് മോചിതമാവും. ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വവും തുല്യനീതിയും രാജ്യത്തെ മുസ്ലിംകള് അടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന നിലവിലുള്ള സ്ഥിതിവിശേഷം പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടണം. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സമാധാനത്തോടെ ജീവിക്കാനും ജീവിത വ്യവഹാരം നടത്താനും അവസരമൊരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അസമത്വവും നീതിനിഷേധവും രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്ത് സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ അസമത്വം വര്‍ധിച്ചുവരികയാണ്. ഭരണഘടന ലക്ഷ്യംവെക്കുന്ന വിഭവങ്ങളുടെ നീതിപൂര്‍വകമായ വിഭജനം സാധ്യമാക്കണം. മറ്റുള്ളവരെക്കുറിച്ചുള്ള കരുതലാണ് ജനാധിപത്യമെന്ന മഹത്തായ ദര്‍ശനമാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത് എന്നതിനാല്‍ തന്നെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. രാജ്യത്ത് മസ്ജിദുകളും ചര്‍ച്ചുകളും തകര്‍ക്കുകയും കൈയേറുകയും ചെയ്യുന്നത് തുടരുന്നത് ആശങ്കാജനകമാണെന്നം സമ്മേളനം ചൂണ്ടിക്കാട്ടി.
ആരാധനാലയങ്ങളുടെ തദ്സ്ഥിതി തുടരണമെന്ന 1991ലെ നിയമനിര്‍മാണം മറികടന്നുള്ള കോടതിവിധികള്‍ ജനാധിപത്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. ബാബരിയില്നിന്ന് തുടങ്ങി ഗ്യാന്വാപിയിലൂടെയും മറ്റുമുള്ള മസ്ജിദ് കൈയേറ്റങ്ങളും തകര്‍ക്കലുകളും ശരിവെക്കുന്ന കോടതിവിധികള്‍ ഭരണഘടനാ വിരുദ്ധമാണെന്നിരിക്കെ അത് അംഗീകരിക്കാനാവില്ല. ഭരണഘടനാ സംരക്ഷണം പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ജഡ്ജിമാര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി വിധി പറയുന്നത് രാജ്യത്തിന്റെ ഭാവിയെ ഇരുളടഞ്ഞതാക്കും. ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താനുള്ള കോടതിവിധി റദ്ദ് ചെയ്യാന്‍ സുപ്രിംകോടതി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഫലസ്തീന് പൊളിറ്റിക്കല്‍ ആന്റ് മീഡിയ കോണ്‍സുലര്‍ ഡോ. അബ്ദുറാസിഖ് അബു ജസര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് കെ.എല്‍.പി യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.എം മര്‍കസുദ്ദഅ്വ പ്രസിഡന്റ് ഡോ. ഇ.കെ അഹ്മദ് കുട്ടി, ഡോ. അബ്ദുറാസിഖ് അബു ജസറിന് ഉപഹാരം നല്കി. പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ.പി. മുഹമ്മദ് കുട്ടശ്ശേരിയെ കെ.എന്‍.എം മര്‍കസുദ്ദഅ്വ ജനറല്‍ സെകട്ടറി സി.പി ഉമര്‍ സുല്ലമി ആദരിച്ചു.
എളമരം കരീം എം.പി സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. ഹാരിസ് കാവ്യങ്ങള്‍ ഏറ്റുവാങ്ങി. ഹാറൂണ്‍ കക്കാട് സുവനീര്‍ പരിചയപ്പെടുത്തി. ഡോ. പി. മുസ്തഫ ഫാറൂഖി പുസ്തക പ്രകാശനം നടത്തി. സാബിര്‍ ശൗഖത്ത്, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, കെ.എം.ടി മുഹമ്മദലി പുസ്തകം ഏറ്റുവാങ്ങി.
ബിനോയ് വിശ്വം എം.പി, അഡ്വ. പി.എം.എ സലാം, ആത്മദാസ് യമി, ഫാദര്‍ സജീവ് വര്‍ഗീസ്, പത്മശ്രീ ചെറുവയല്‍ രാമന്, രമേശ് ജി മേത്ത, എന്‍.കെ പവിത്രന്, ഡോ. ഐ.പി അബുസ്സലാം, ഡോ. അനസ് കടലുണ്ടി, മമ്മു കോട്ടക്കല്‍, ഡോ. യു.പി യഹ്യാ ഖാന്, എം.കെ ശാക്കിര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഗ്ലോബല്‍ ഇസ്ലാഹി സംഗമം കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പ്രൊഫ. എ അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. ഡോ. ഇ.കെ അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.എം മര്‍കസുദ്ദഅ്വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തി.
സലാഹ് കാരാടന്‍, ഫൈസല്‍ നന്മണ്ട, പ്രൊഫ. കെ.പി സകരിയ്യ , ബി.പി.എ ഗഫൂര്‍, അയ്യൂബ് എടവനക്കാട്, സി.ടി ആയിശ ടീച്ചര്‍, ആദില്‍ നസീഫ് മങ്കട, ഫാത്വിമ ഹിബ, ലത്തീഫ് നല്ലളം, കെ. അഹ്മദ് കൂട്ടി, കെ.വി നിയാസ്, ഡോ. യു.പി യഹിയാ ഖാന്, കെ.പി അബ്ദുറഹ്മാന് സുല്ലമി, സി. അബ്ദുലത്തീഫ് മാസ്റ്റര്‍ പ്രസംഗിച്ചു.
Summary: Mujahid State Conference welcomes Prime Minister Narendra Modi's statement that the world needs inclusive governments