പീഡനപരാതിയിൽ മുകേഷിനും ഇടവേള ബാബുവിനും നിർണായകം; മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
|ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മൂവരും മുൻകൂർ ജാമ്യം തേടിയത്
കൊച്ചി: പീഡന പരാതിയിൽ എം മുകേഷ് എംഎൽഎ, ഇടവേള ബാബു, അഡ്വക്കറ്റ് വിഎസ് ചന്ദ്രശേഖരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മൂവരും മുൻകൂർ ജാമ്യം തേടിയത് .
കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയിൽ നടന്ന വിശദ വാദത്തിന് ഒടുവിലാണ്, ഹരജി ഇന്നത്തേക്ക് വിധി പറയാൻ മാറ്റിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോർട്ട് ജഡ്ജ് ഹണി എം വർഗീസ് ആണ് ജാമ്യ ഹരജി പരിഗണിക്കുന്നത്.
ലൈംഗിക പീഡന കേസുകളിൽ മുകേഷ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെ അറസ്റ്റ് കോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് എഐജി ജി പൂങ്കുഴലി പറഞ്ഞത്. ചലച്ചിത്ര മേഖലയെ പിടിച്ചുകുലുക്കിയ ലൈംഗിക പീഡന ആരോപണങ്ങളിൽ പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് അടക്കമുള്ള അഭിനേതാക്കളെ ചോദ്യം ചെയ്യാനിരിക്കെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനത്തിനായി പൊലീസ് കാത്തിരിക്കുന്നത്.
ആരോപണം ഉന്നയിച്ചിരിക്കുന്ന പരാതികളിൽ പല സംഭവങ്ങളും നടന്നിരിക്കുന്നത് വർഷങ്ങള്‍ക്ക് മുൻപാണ്. ഡിജിറ്റൽ തെളിവുകളടക്കം കണ്ടെത്തുന്നത് വെല്ലുവിളിയാണ്. എങ്കിലും സാഹചര്യത്തെളിവുകളടക്കം പരിശോധിച്ച് സത്യം കണ്ടെത്താനാകുമെന്ന് പൂങ്കുഴലി വ്യക്തമാക്കിയിരുന്നു.