മുകേഷിന്റെ രാജി; സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല, തീരുമാനം നാളെ?
|കൊല്ലത്തു നിന്നുള്ള നേതാക്കളുടെ അഭിപ്രായവും മുകേഷിന് പറയാനുള്ളതും പരിഗണിച്ചതിനു ശേഷം തീരുമാനമെടുക്കും
തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ ആരോപണങ്ങളുടേയും കേസിൻറേയും പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായെങ്കിലും എം. മുകേഷ് എംഎൽഎയുടെ വിഷയം ചർച്ച ചെയ്യാതെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഷയം നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യുമെന്നാണ് വിവരം. കൊല്ലത്തു നിന്നുള്ള നേതാക്കളുടെ അഭിപ്രായവും മുകേഷിന് പറയാനുള്ളതും പരിഗണിച്ചതിനു ശേഷമാകും വിഷയത്തിൽ തീരുമാനമെടുക്കുക. മുകേഷ് രാജിവെക്കണമെന്ന ആവശ്യം വിവിധ തലങ്ങളിൽ നിന്ന് വരുന്നുണ്ടെങ്കിലും രാജി ആവശ്യം അംഗീകരിക്കാനുള്ള സാധ്യത കുറവാണ്.
മുകേഷ് മാറിനിൽക്കുന്നതാണ് നല്ലതെന്ന് സിപിഐ അഭിപ്രായപ്പെട്ടിരുന്നു. കേസെടുത്ത പശ്ചാത്തലത്തിൽ മുകേഷ് ധാർമ്മികത മുൻനിർത്തി രാജിവെച്ച് മാറിനിൽക്കണമെന്ന പാർട്ടി നിലപാട് സിപിഐ, സിപിഎമ്മിനെ അറിയിച്ചിരുന്നു. എന്നാൽ മുകേഷ് ധൃതിപിടിച്ച് രാജിവെക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റിൽ ധാരണയായിരുന്നത്.
മുകേഷിന്റെ രാജിക്കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ പൊളിറ്റ് ബ്യൂറോ രംഗത്തുവന്നിരുന്നു. പി.ബി അഗം ബൃന്ദ കാരാട്ടാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. യുഡിഎഫ് എംഎൽഎമാർ രാജിവെയ്ക്കാത്ത കാര്യം പറഞ്ഞ് ന്യായീകരിക്കുന്നതിനെയാണ് ബൃന്ദ വിമർശിച്ചത. അതേസമയം മുകേഷിന്റെ രാജി പരസ്യമായി ആവശ്യപ്പെട്ട ആനിരാജയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.