'ഖാദി ഫൗണ്ടേഷൻ വേണമെന്നാണ് ഞാനും ജിഫ്രി തങ്ങളും പറഞ്ഞത്'; സാദിഖലി തങ്ങൾക്കെതിരായ പരാമർശം മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതെന്ന് ഉമർ ഫൈസി
|'മുനമ്പത്ത് ഫാറൂഖ് കോളജ് ആണ് വഖഫ് ഭൂമി വിറ്റത്. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി ഭൂമി വാങ്ങിയവർക്ക് കൊടുക്കണം'
കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ തന്റെ വിമർശനം മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതാണെന്ന് മുക്കം ഉമർ ഫൈസി. ഖാദി ഫൗണ്ടേഷൻ വേണമെന്നാണ് ഞാനും ജിഫ്രി തങ്ങളും പറഞ്ഞത്. സാദിഖലി തങ്ങൾ ഖാസിയല്ലാത്ത മഹല്ലുകളും ഖാദി ഫൗണ്ടേഷനിൽ അംഗമാകുന്നതിനെയാണ് എതിർത്തത്. സമസ്ത തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു.
എസ്‌കെഎസ്എസ്എഫ് കോഴിക്കോട് മുതലക്കുളത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വഖഫ് വിഷയത്തിലും ഉമർ ഫൈസി പ്രതികരിച്ചു. വഖഫ് ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവർക്ക് ആരാണോ ഭൂമി വിറ്റത് അവരിൽനിന്നു നഷ്ടപരിഹാരം ഈടാക്കണം. അവരെ പറ്റിക്കുകയായിരുന്നു. ഫാറൂഖ് കോളജ് ആണ് വഖഫ് ഭൂമി വിറ്റത്. അവർ പണം വാങ്ങി ഭൂമി വിൽക്കുകയായിരുന്നു. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി ഭൂമി വാങ്ങിയവർക്ക് കൊടുക്കണമെന്നും വഖഫ് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും ഉമർ ഫൈസി ആവശ്യപ്പെട്ടു.
വിവാദമായ പ്രസംഗത്തിൽ മുക്കം ഉമർ ഫൈസിയോട് സമസ്ത നേരത്തെ വിശദീകരണം തേടിയിരുന്നു. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശിച്ചിരുന്നത്. ഖാദി സ്ഥാനം വഹിക്കാൻ സാദിഖലി ശിഹാബ് തങ്ങൾ യോഗ്യനല്ലെന്നായിരുന്നു ഉമർ ഫൈസിയുടെ വിമർശനം.
Summary: Mukkam Umar Faizy says his criticism of Panakkad Sadiqali Shihab Thangal was misinterpreted by the media