ഉമർ ഫൈസിയെ മാറ്റിനിർത്തി സമസ്തയെ ശുദ്ധീകരിക്കണം-റഹ്മാൻ ഫൈസി
|'പാണക്കാട് കുടുംബത്തെ മുസ്ലിം സമുദായത്തിന്റെ നേതൃത്വത്തിൽനിന്നു മാറ്റാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ട്. ഇതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനു പിന്നിലുള്ള രഹസ്യം. സിപിഎമ്മിനു വേണ്ടിയാണ് ഇപ്പോൾ സമാന്തര പ്രവർത്തനം നടക്കുന്നത്.'
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശത്തിൽ മുക്കം ഉമർ ഫൈസിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമസ്ത സമ്മേളനം. ഉമർ ഫൈസിയെ സമസ്തയിൽനിന്നു മാറ്റിനിർത്തണമെന്ന് എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ റഹ്മാൻ ഫൈസി ആവശ്യപ്പെട്ടു. സിപിഎമ്മിന് വേണ്ടിയാണ് ഇപ്പോൾ സമാന്തര പ്രവർത്തനമെന്നും റഹ്മാൻ ഫൈസി പറഞ്ഞു. പാണക്കാട് കുടുംബത്തെ സമസ്തയിൽനിന്ന് മാറ്റിനിർത്താൻ ആരു ശ്രമിച്ചാലും വിജയിക്കില്ലെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
എടവണ്ണപ്പാറയിൽ നടന്ന സമസ്ത ആദർശ സമ്മേളനത്തിലാണു നേതാക്കളുടെ പരാമർശം. ഉമർ ഫൈസിയെ സമസ്തയിൽനിന്നു മാറ്റിനിർത്തി സംഘടനയെ ശുദ്ധീകരിക്കണമെന്ന് റഹ്മാൻ ഫൈസി ആവശ്യപ്പെട്ടു. പാണക്കാട് കുടുംബത്തെ സമൂഹത്തിൽനിന്ന് അടർത്തിമാറ്റാനുള്ള ശ്രമത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. പാണക്കാട് കുടുംബത്തെ മുസ്ലിം സമുദായത്തിന്റെ നേതൃത്വത്തിൽനിന്നു മാറ്റാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ട്. ഇതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനു പിന്നിലുള്ള രഹസ്യം. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകർക്കാനാണ് ശ്രമം നടക്കുന്നത്. സിപിഎമ്മിനു വേണ്ടിയാണ് ഇപ്പോൾ സമാന്തര പ്രവർത്തനം നടക്കുന്നത്. സംഘികളെ പ്രതിരോധിക്കാൻ സിപിഎമ്മിനേ കഴിയൂ എന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് കുടുംബത്തെ സമസ്തയിൽനിന്ന് മാറ്റിനിർത്താൻ ആര് ശ്രമിച്ചാലും വിജയിക്കില്ലെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. ഉമർ ഫൈസിയുടെ പ്രസ്താവനയിൽ സമസ്ത വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ഈ സമ്മേളനം നടത്തുന്നത് സംബന്ധിച്ച് സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരെ അറിയിച്ചിരുന്നു. ആക്ഷേപപ്രസംഗം പാടില്ല, അത് പിന്നീട് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു മറുപടി. എന്നാൽ, സമസ്ത വിശദീകരണത്തിനുശേഷം ഉമർ ഫൈസിയെ പിന്തുണച്ച് വീണ്ടും പ്രസ്താവന വന്നു. ആ പ്രസ്താവന കൊണ്ടുമാത്രമാണ് ഈ പരിപാടി നടത്തുന്നതെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
Summary: Samastha conference demands action against Mukkam Umar Faizy for his remarks against Panakkad Sayyid Sadiq Ali Shihab Thangal