മുല്ലപ്പെരിയാറിന്റെ എട്ട് ഷട്ടറുകള്‍ അടച്ചു; മുന്നറിയിപ്പില്ലാതെ തുറക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റോഷി അഗസ്റ്റിന്
|ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
ഇന്നലെ രാത്രി തുറന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ എട്ട് ഷട്ടറുകള്‍ അടച്ചു. നിലവില്‍ ഒരു ഷട്ടര്‍ മാത്രമാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് 9 ഷട്ടറുകൾ തുറന്ന് തമിഴ്നാട് വന്‍തോതില്‍ വെള്ളം ഒഴുക്കിവിട്ടത്. സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിട്ടത്. പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. നിലവില്‍ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇതോടെയാണ് ഷട്ടറുകള്‍ അടച്ചത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന് വണ്ടിപ്പെരിയാറിലെത്തി. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാടിന്റെ നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്. സർക്കാർ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുവെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇന്ന് രാവിലെ ഇടുക്കി ഡാമും തുറന്നു. ഒരു ഷട്ടർ 40 സെന്റീമീറ്റർ ആണ് ഉയർത്തിയത്. സെക്കന്റിൽ 40 ഘനയടി വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.