മുല്ലപ്പെരിയാർ അണക്കെട്ട്; സമയം നിശ്ചയിച്ചിട്ടില്ലാത്ത 'ബോംബ്'
|മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്‌നപരിഹാരങ്ങളും മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുണ്ട്
പ്രളയവും ഉരുൾപ്പൊട്ടലും മലയാളിക്ക് ഇന്ന് സുപരിചിതമായ വാക്കുകളാണ്. ഒരു ദിവസത്തിലധികം നിർത്താതെ മഴ പെയ്താൽ കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം ഇപ്പോൾ വെള്ളത്തിനടിയിലാണ്. അതുപോലെ പ്രളയ സമയത്ത് മാത്രം ചർച്ചയാകുന്ന ഒരു അണക്കെട്ടും കേരളത്തിലുണ്ട്, മുല്ലപ്പെരിയാർ അണക്കെട്ട്.
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്തിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. കേരളത്തിലാണെങ്കിലും 'തമിഴ്‌നാടിന് പാട്ടത്തിന്' കൊടുത്ത ഒരു അണക്കെട്ടാണിത്. 999 വർഷത്തേക്കാണ് കേരളം തമിഴ്‌നാടിനു പാട്ടത്തിനു കൊടുത്തത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന ഒരു നിശ്ചിത വീതം വെള്ളം തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതി നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത്. അണക്കെട്ടിൽ നിന്നും വെള്ളം തമിഴ്‌നാട്ടിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് കൊണ്ടുപോകുന്നത്.
അണക്കെട്ടുമായി ബന്ധപ്പെട്ട് ഏറെക്കാലങ്ങളായി രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. 1961ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട ഈ കാലപ്പഴക്കം ചെന്ന അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻ കഴിയില്ല, അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ അണക്കെട്ട് ഒരു സുരക്ഷാഭീഷണിയാണ്.
അണക്കെട്ടിന്റെ പഴക്കം
ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിർമ്മാണകാലഘട്ടത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്നു നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6 മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി).
അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും, അതിന്റെ നിയന്ത്രണം തമിഴ്‌നാടിന്റെ കൈവശമാണ്. ഒരു അണക്കെട്ടിന്റെ പരമാവധി കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്‌നാടും വാദിക്കുന്നു.
അണക്കെട്ടിന്റെ നിലവിലെ അവസ്ഥ
2000ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ വർധിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കു മുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922ലും, 1965ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലെന്നും തമിഴ്‌നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ്, വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979-81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിനു ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. 2006 നവംബർ 24ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു.
അണക്കെട്ട് തകർന്നാൽ
15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ പൂർണ്ണ സംഭരണശേഷി. എന്നാൽ കോടതി നിർദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3, 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിന്റെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത്. ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും.
66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി ഡാം നിറഞ്ഞുവരാൻ മൂന്നുമുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ഷട്ടറുകളിലൂടെയും പൂർണതോതിൽ ജലം പുറന്തള്ളിയാൽ കൂടുതലായുള്ള 1.2 ദശലക്ഷം ഘനയടി അധികജലം ഒഴുക്കിക്കളയാൻ ബുദ്ധിമുട്ടില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിലുള്ളതിലും കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും.
മറ്റൊരു സാധ്യത മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി അണക്കെട്ടിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ അണക്കെട്ട് ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഈ ആഘാതത്തിൽ ഇടുക്കി അണക്കെട്ട് തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്.
പ്രശ്‌ന പരിഹാരങ്ങൾ
മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്‌നപരിഹാരങ്ങളും മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുണ്ട്. അവ പ്രധാനമായും ഇവയാണ്:
1. നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക. നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക.
2.നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയണയാക്കി നിലനിർത്തുക, അപകട സാദ്ധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്കുന്നതിനനുസരിച്ച് തമിഴ്‌നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താൻ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക.
3. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ സംഭരിക്കുക. അവിടെ നിന്നും പുതിയ ടണൽ മാർഗ്ഗം തമിഴ്‌നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക.
അപകടം സംഭവിച്ചതിന് ശേഷം നടത്തുന്ന കുറ്റപ്പെടുത്തലുകളേക്കാളും നല്ലത് അപകടം വരാതെ നോക്കുക എന്നതാണ്.