Kerala
മുല്ലപ്പെരിയാര്‍ മുന്നറിയിപ്പില്ലാതെ രാത്രി തുറന്ന് തമിഴ്നാട്; വീടുകളില്‍ വെള്ളം കയറി, പ്രതിഷേധം
Kerala

മുല്ലപ്പെരിയാര്‍ മുന്നറിയിപ്പില്ലാതെ രാത്രി തുറന്ന് തമിഴ്നാട്; വീടുകളില്‍ വെള്ളം കയറി, പ്രതിഷേധം

Web Desk
|
2 Dec 2021 12:53 AM GMT

കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. വള്ളക്കടവിലാണ് പ്രതിഷേധം.

മുല്ലപ്പെരിയാറിന്‍റെ ഷട്ടറുകള്‍ രാത്രി മുന്നറിയിപ്പില്ലാതെ തുറക്കരുതെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാതെ തമിഴ്നാട്. ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെയാണ് മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ രാത്രിയിൽ മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നത്. പുലർച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ് 8 ഷട്ടറുകൾ തുറന്നത്. അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്‍റീമീറ്ററും ബാക്കിയുള്ളവ 30 സെന്‍റീമീറ്ററുമാണ് ഉയര്‍ത്തിയത്.

പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളിൽ വീടുകളിൽ വെള്ളം കയറി. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. വള്ളക്കടവിലാണ് പ്രതിഷേധം. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടർ തുറക്കരുതെന്ന് ചൊവ്വാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രാത്രി ഷട്ടറുകള്‍ തുറക്കുകയായിരുന്നു.

മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് 142 അടിയിലെത്തിയപ്പോള്‍ തമിഴ്നാട്ടില്‍ ആഘോഷമാണ്. കുമളിക്ക് സമീപം തേനി ജില്ലയിലെ ലോവർ ക്യാമ്പിലാണ് ആഘോഷം നടന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്‍പ്പിയായ പെന്നിക്വിക്കിന്റെ സ്മാരകത്തില്‍ ഡിഎംകെ വക ഹാരാർപ്പണവും മുദ്രാവാക്യം വിളിയും. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി മണ്ഡലം എംഎല്‍എമാരായ രാമകൃഷണന്‍, മഹാരാജന്‍ എന്നിവരാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയത്. ജലനിരപ്പ് 152 അടിയാക്കുമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. 2014നും 2015നും 2018നും ശേഷം ജലനിരപ്പ് 142 അടിയിലെത്തിയത് ഇക്കൊല്ലമാണ്. അതാണ് ആഘോഷത്തിന് കാരണം.


Related Tags :
Similar Posts