Kerala
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു
Kerala

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു

Web Desk
|
7 Nov 2021 8:29 AM GMT

ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചു. നടപടിയെടുക്കും

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മരവിപ്പിച്ചെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചു. നടപടിയെടുക്കും. ഉദ്യോഗസ്ഥരുടേത് അസാധാരണ നടപടിയാണ്. തന്നോടോ മുഖ്യമന്ത്രിയോടെ ചര്‍ച്ച ചെയ്യാതെ ഇത്തരം നിര്‍ണായക തീരുമാനമെടുക്കാന്‍ പാടില്ലായിരുന്നു. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പുതന്നെ മരംമുറി ഉത്തരവ് മരവിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അനുമതി നല്‍കിയത് ബേബി ഡാമിന് താഴെയുള്ള മരംമുറിക്കാന്‍

മുല്ലപ്പെരിയാർ വിവാദത്തിൽ കേരളം ഇതുവരെ ഉന്നയിച്ച മുഴുവൻ വാദങ്ങളും സ്വയം നിഷേധിക്കുന്ന നടപടിയാണ് മരംമുറി ഉത്തരവോടെ ഉണ്ടായത്. ബേബി ഡാം ബലപ്പെടുത്തുന്നതോടെ തമിഴ്നാടിന് ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താനാകും. പുതിയ ഡാം നിർമിക്കണമെന്ന കേരള നിലപാട് ഇതോടെ അപ്രസക്തമാകുകയും ചെയ്യും. മരങ്ങള്‍ മുറിക്കാതെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിലേക്ക് തമിഴ്നാടിന് കടക്കാന്‍ സാധിക്കുമായിരുന്നില്ല. ദീര്‍ഘകാലമായുള്ള തമിഴ്നാടിന്‍റെ ഈ ആവശ്യം അംഗീകരിച്ചതോടെ തടസം നീങ്ങുകയായിരുന്നു. ഭാവിയില്‍ കേരളത്തെ ദോഷകരമായി ബാധിക്കാനിടയുള്ള നിര്‍ണായക ഉത്തരവാണ് മരംമുറിക്കാന്‍ അനുമതി നല്‍കിയതോടെയുണ്ടായത്.

പുറത്തറിഞ്ഞത് സ്റ്റാലിന്‍റെ നന്ദിപ്രകടനത്തോടെ

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരളത്തിന് നന്ദി പറഞ്ഞതോടെയാണ് മരംമുറി ഉത്തരവ് സംബന്ധിച്ച വിവരം പുറത്തുവന്നത്. തമിഴ്നാടിന്‍റെ ദീർഘകാല ആവശ്യം കേരളം അംഗീകരിച്ചതോടെ ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനാവുമെന്ന് എം.കെ സ്റ്റാലിൻ കത്തില്‍ പറയുകയുണ്ടായി. ഈ ഉത്തരവ് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറി. സര്‍ക്കാര്‍ കേരളത്തെ ഒറ്റുകൊടുക്കുകയാണെന്നും തമിഴ്നാടിന്‍റെ താത്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ താനോ മുഖ്യമന്ത്രിയോ അറിയാതെയാണ് ഉദ്യോഗസ്ഥര്‍ ഈ ഉത്തരവ് ഇറക്കിയതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ രാവിലെ വിശദീകരിച്ചു. ഉച്ചയോടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

Related Tags :
Similar Posts