മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ്; വിശദീകരണം തേടി സർക്കാർ
|മരംമുറിക്ക് അനുമതി നൽകിയ യോഗം ചേരാനുണ്ടായ കാരണം സെക്രട്ടറിമാർ വിശദീകരിക്കണം.
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിൽ വിശദീകരണം തേടി സംസ്ഥാന സർക്കാർ. യോഗം ചേരാനുണ്ടായ കാരണം വനം, ജലവിഭവ വകുപ്പ് സെക്രട്ടറിമാർ വിശദീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. മരം മുറി മരവിപ്പിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞത്.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസറായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പ്രതികരിച്ചതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്.
മരംമുറിക്ക് അനുമതി നൽകിയത് ചട്ടം പാലിച്ചല്ലെന്ന് ഉത്തരവിൽ പറയുന്നു. വിവാദ ഉത്തരവിൽ വനം, ജലവിഭവ വകുപ്പ് സെക്രട്ടറിമാരിൽ നിന്ന് സർക്കാർ വിശദീകരണം തേടും. മരംമുറിക്ക് അനുമതി നൽകിയ യോഗം ചേരാനുണ്ടായ കാരണവും സെക്രട്ടറിമാർ വിശദീകരിക്കണം.നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് വിഷയം ഉന്നയിക്കും.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരളത്തിന് നന്ദി പറഞ്ഞതോടെയാണ് മരംമുറി ഉത്തരവ് സംബന്ധിച്ച വിവരം പുറത്തുവന്നത്. തമിഴ്നാടിന്‍റെ ദീർഘകാല ആവശ്യം കേരളം അംഗീകരിച്ചതോടെ ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനാവുമെന്ന് എം.കെ സ്റ്റാലിൻ കത്തില്‍ പറയുകയുണ്ടായി. ഈ ഉത്തരവ് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു. സര്‍ക്കാര്‍ കേരളത്തെ ഒറ്റുകൊടുക്കുകയാണെന്നും തമിഴ്നാടിന്‍റെ താത്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ താനോ മുഖ്യമന്ത്രിയോ അറിയാതെയാണ് ഉദ്യോഗസ്ഥര്‍ ഈ ഉത്തരവ് ഇറക്കിയതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ രാവിലെ വിശദീകരിച്ചു. ഉച്ചയോടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.